റെയിൽവേ മന്ത്രിക്ക് ഭീമഹർജിയുമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ; ഹർജി അമൃത് പദ്ധതിയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും നേടിയെടുക്കാൻ ലക്ഷ്യമിട്ടെന്ന് വികസനസമിതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ അമൃത് പദ്ധതി നടപ്പിലാക്കുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നു. ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. കെ സുധീഷ് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ സമരത്തിന്റെ ഫലമായി മൂന്ന് വണ്ടികൾക്ക് സ്റ്റോപ്പനുവദിക്കാനും പ്ലാറ്റഫോം, മേൽക്കൂര, ഇരിപ്പിടങ്ങൾ, ഭഷണാശാല, വിശ്രമമുറി, പാർക്കിംഗ് സൗകര്യങ്ങൾ നവീകരിക്കാനും കഴിഞ്ഞതായും എം പി ഫണ്ടിൽനിന്നനുവദിച്ച ഹൈമാസ്ററ് ലൈറ്റ് സ്റ്റേഷൻ പരിസരത്ത് ഉടൻ സ്ഥാപിക്കുമെന്നും സമിതി അറിയിച്ചു.
ഭീമഹർജി പരിപാടിക്ക് റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡന്റ് വർഗീസ് പന്തലൂക്കാരൻ, വർക്കിംഗ് പ്രസിഡന്റ് അഡ്വ കെ. എഫ്. ജോസ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, സെക്രട്ടറി സോമൻ ശാരദലായം, ജോ സെക്രട്ടറി ഡേവിസ് ഇടപ്പിള്ളി, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവെലീ, സ്റ്റീഫൻ കള്ളിവളപ്പിൽ എന്നിവർ നേതൃത്വം നൽകി.















