നാലമ്പല തീർഥാടനത്തിന് പത്ത് കോടി രൂപ; ക്ഷേത്രങ്ങൾ സന്ദർശിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപ; ക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കൂടല്‍മാണിക്യം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം,നാട്ടിക നിയോജകമണ്ഡലത്തിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി നിയോജകമണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് തോമസ് ഉണ്ണിയാടൻ എംഎൽഎ സന്ദർശനം നടത്തി. നാലമ്പല തീർഥാടനത്തിന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞ ബജറ്റിൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ നാല് ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള നാലമ്പല തീർത്ഥാടന പാക്കേജിന് മുഖ്യമന്ത്രി വി.ഡി. സതീശൻ 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നാലു ക്ഷേത്രങ്ങളിലും തീർത്ഥാടകരായ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. തീർത്ഥാടന യാത്രക്കിടയിൽ തീർത്ഥാടകർക്ക് വിശ്രമിയ്ക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഇടത്താവളങ്ങളും പാക്കേജിൽ ഉണ്ടാകും.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ താൻ എം എൽ എ ആയിരിക്കെ നേടിയെടുത്ത 4 കോടി രൂപ ഉപയോഗിച്ച് ഈ നാല് ക്ഷേത്രങ്ങളിലും നടപ്പാത, വിശ്രമ കേന്ദ്രം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ചെയ്തിരുന്നു.

രാവിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തിയ എം എൽ എ യെ ദേവസ്വം മാനേജർ വി.എ. വിനീത, ഹെൽത്ത് സൂപ്പർവൈസർ ടി.പി.വിനീഷ്‌കുമാർ, അസി. കമ്മീഷണർ എൻ.വി.ഷീജ എന്നിവർ ചേർ സ്വീകരിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ഭാരവാഹികളായ കെ.ജി. അജയകുമാർ, ഡോ. ഹരിതം മുരളി, അഡ്മിനിസ്ട്രേറ്റർ രാധേഷ്, എം.പി. സജീവൻ, എന്നിവരും മൂഴികുളം ക്ഷേത്രത്തിൽ മേൽ ശാന്തി എം.ജി.കൃഷ്ണൻ, ഓഫീസർ അഭിജിത്ത്, നാലമ്പലകോ ഓർഡിനേഷൻ കമ്മിറ്റിയംഗം ശശിധരൻ എന്നിവരും പായമ്മല്‍ ക്ഷേത്രത്തിൽ തന്ത്രിമാരായ സതീശൻ നമ്പൂതിരിപ്പാട്,പ്രദീപ് നമ്പൂതിരിപ്പാട്, പദ്മനാഭൻ നമ്പൂതിരിപ്പാട്, ദേവസ്വം സെക്രട്ടറി ഐ.പി. ജയൻ, സേവാസമിതി സെക്രട്ടറി ഇ. ആർ. രമേശ്, പഞ്ചായത്തംഗങ്ങളായ ടി.ആർ രാജേഷ്, രഞ്ജിനി ശ്രീകുമാർ, ടി.ആർ.ഷാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ.സതീഷ്, മിനി മോഹൻദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Please follow and like us: