ഇരിങ്ങാലക്കുട നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിനെ തള്ളി പ്രതിപക്ഷം; ധനപരമായ നിയന്ത്രണങ്ങൾക്ക് ഭരണസമിതിക്ക് പങ്കില്ലെന്നും പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും ഭരണ നേതൃത്വം
ഇരിങ്ങാലക്കുട : നഗരസഭ ജീവനക്കാരൻ നടത്തിയ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോർട്ടിനെ ഖണ്ഡിച്ച് കൊണ്ട് നഗരസഭയുടെ പൊതുഭരണവിഭാഗം നൽകിയ മറുപടി തള്ളിയും വിമർശിച്ചും പ്രതിപക്ഷം . കെ സ്മാർട്ടിൻ്റെ ന്യൂനതകൾ കാണിച്ച് തട്ടിപ്പിനെ ലഘൂകരിക്കാനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്നും തട്ടിപ്പ് നടന്ന കാലയളവിലെ സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വമുണ്ടെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ വിമർശനങ്ങൾക്ക് തുടക്കമിട്ട് പറഞ്ഞു. തട്ടിപ്പ് നടത്തിയ ജീവനക്കാരനെ ആരാണ് പത്ത് വർഷം ഒരേ കസേരയിൽ ഇരുത്തിയതെന്നും ഇത് സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ട് ഹാജരാക്കണമെന്നും കെ സ്മാർട്ട് ഉപയോഗിച്ചിട്ടുള്ള മറ്റ് നഗരസഭകളിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ ആവശ്യപ്പെട്ടു. തങ്ങൾ നികുതിയായി അടയ്ക്കുന്ന പണം സുരക്ഷിതമാണോയെന്ന് ആളുകൾ ചോദിച്ചാൽ എന്ത് മറുപടി നൽകുമെന്നും മുൻപ് പൊറത്തിശ്ശേരി സോണൽ ഓഫീസിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കൗണ്ടറിൽ കൊണ്ട് ഇരുത്തുകയാണ് അന്നത്തെ ഭരണ സമിതി ചെയ്തതെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ ചൂണ്ടിക്കാട്ടി. ആദ്യമായിട്ടല്ല നഗരസഭയിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതെന്നും തട്ടിപ്പ് നടത്തിയ ത്രിദീപൻ്റെ തലയിൽ കെട്ടി വച്ച് രക്ഷപ്പെടാൻ കഴിയില്ലെന്നും ഇതിൻ്റെ പുറകിൽ ഉള്ളവരെ കണ്ട് പിടിക്കണമെന്നും എൽഡിഎഫ് അംഗം കെ എസ് പ്രസാദും പറഞ്ഞു. ജീവനക്കാർക്ക് വീഴ്ച ഇല്ലെന്ന് ജീവനക്കാർ തന്നെ പറയുന്ന സ്ഥിതിവിശേഷമാണ് റിപ്പോർട്ടിൽ പ്രകടമാകുന്നതെന്ന് എൽഡിഎഫ് അംഗം വിഷ്ണു പ്രഭാകരൻ പരിഹസിച്ചു.
ധനപരമായ നിയന്ത്രണങ്ങൾക്ക് ഭരണസമിതിക്ക് പങ്കില്ലെന്നും തട്ടിപ്പ് കണ്ട് പിടിച്ചത് നഗരസഭ ഉദ്യോഗസ്ഥർ തന്നെയാണെന്നും കെ സ്മാർട്ടിൽ റീകൺസിലിയേഷനുള്ള സംവിധാനം ഉണ്ടായിരുന്നില്ലെന്നും തട്ടിപ്പ് നടത്തിയ പ്രദീപന് 35 ലക്ഷത്തിൻ്റെ സ്വത്തും 45 ലക്ഷത്തിൻ്റെ പെൻഷൻ ആനുകൂല്യങ്ങളും നൽകാനുണ്ടെന്നും പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും റിപ്പോർട്ട് റെക്കോർഡ് ചെയ്യൽ മാത്രമാണ് കൗൺസിലിൻ്റെ ലക്ഷ്യമെന്നും ചെയർമാൻ വിശദീകരിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















