ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ വിഷയം പരിഹരിക്കാൻ ഡോഗ് ഷെൽട്ടർ പദ്ധതി വരുന്നു; മൂർക്കനാട് കണ്ടെത്തിയിട്ടുള്ള സ്ഥലത്തിനും നിബന്ധനകൾക്കും നഗരസഭായോഗത്തിൻ്റെ അംഗീകാരം.
ഇരിങ്ങാലക്കുട : പട്ടണത്തിലെയും പരിസരങ്ങളിലെയും തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള നടപടികളിലേക്ക് നഗരസഭ അധികൃതർ . തെരുവുനായ പ്രശ്നത്തിനും തകർന്ന് കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണത്തിനുമാണ് അടിയന്തര പരിഗണനയെന്ന് പുതിയ ഭരണസമിതി ചുമതലയേറ്റ വേളയിൽ വ്യക്തമാക്കിയിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് ഡോഗ് ഷെൽട്ടർ പദ്ധതി നീളുകയായിരുന്നു . വാർഡ് ഒന്നിൽ മൂർക്കനാടാണ് ഇപ്പോൾ ഡോഗ് ഷെൽട്ടർ നിർമ്മാണത്തിന് 40 സെൻ്റ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് രേഖകളിൽ നിലമായി കിടക്കുന്ന 40 സെൻ്റ് സ്ഥലം പ്രതിമാസം 10000 രൂപ വാടകയ്ക്ക് അഞ്ച് വർഷത്തേക്ക് നൽകാനാണ് സ്ഥല ഉടമ തയ്യാറായിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറും വാടകയും നഗരസഭ യോഗം അംഗീകരിച്ചു. പദ്ധതി സ്വാഗതാർഹമാണെന്നും എന്നാൽ വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശമാണോയെന്ന് സംശയമുണ്ടെന്നും ഭൂമി തരം മാറ്റി കൊടുത്ത് കഴിഞ്ഞാൽ സ്ഥലം ഉടമ പദ്ധതിയിൽ നിന്ന് ഒഴിഞ്ഞു പോകുമോയെന്ന് സംശയമുണ്ടെന്നും സ്ഥലമുടമ വൈസ് ചെയർമാൻ്റെ ബന്ധു ആയതിനാൽ വൈസ് ചെയർമാൻ ഇക്കാര്യത്തിൽ ഉറപ്പുനൽകണമെന്നും നഗരസഭ പരിധിയിലെ ആയിരത്തോളം നായ്ക്കളെ വെള്ളത്തിലിട്ട് കൊല്ലുന്ന സാഹചര്യം ഉണ്ടാകരുതെന്നും എൽഡിഎഫ് കൗൺസിലർമാരായ പി വി ശിവകുമാർ, സി സി ഷിബിൻ , കെ എസ് പ്രസാദ് എന്നിവർ പറഞ്ഞു . താൻ നേരിട്ട് സ്ഥലം കണ്ടതാണെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് അജണ്ടയായി കൊണ്ടു വരുന്നതെന്നും വെള്ളം കയറാത്ത പ്രദേശമാണെന്നും ആശങ്കപ്പെടണ്ടെതില്ലെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി.
നാടക മൽസരത്തിന് ആറ് ദിവസത്തേക്ക് ടൗൺ ഹാൾ സൗജന്യമായി നൽകാനുള്ള തീരുമാനത്തിൽ ബിജെപി അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി. ടൗൺ ഹാളും മൈതാനവും സൗജന്യമായി നൽകേണ്ടതില്ലെന്നും കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എന്ന പരിഗണന നൽകി മിനിമം വാടക ഈടാക്കണമെന്നും ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു. കലാ സാംസ്കാരിക പരിപാടികൾക്ക് സൗജന്യ നിരക്കിൽ നൽകാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നതായി മുൻചെയർപേഴ്സൻ കൂടിയായ സുജ സഞ്ജീവ്കുമാർ പറഞ്ഞു .
ഷീ ലോഡ്ജ് കെട്ടിടത്തിൽ കച്ചവടം ചെയ്യുന്നതിനായി മുറികളുടെ ഇടച്ചുമരും സീലിംഗും മാറ്റുന്നതിനെ എൽഡിഎഫ് എതിർത്തു. എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കൗൺസിൽ മുമ്പാകെ നിർദ്ദേശം വന്നിട്ടുള്ളതെന്ന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സി വർഗ്ഗീസ് അറിയിച്ചു.
നഗരസഭ പരിധിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധ സൂചകമായി കുടങ്ങളുമായാണ് ബിജെപി അംഗങ്ങൾ യോഗത്തിന് എത്തിയത്. വൈദ്യുതി തടസ്സങ്ങൾ മൂലം പമ്പിംഗ് നടക്കാത്ത സാഹചര്യമാണെന്നും ജനറേറ്റർ സംവിധാനം ഉറപ്പാക്കാൻ നഗരസഭ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിഷുവിന് ശേഷം കൃത്യമായി കുടിവെള്ള വിതരണം നടന്നിട്ടില്ലെന്നും പ്രാദേശിക കുടിവെള്ള പദ്ധതികൾ നിർജ്ജീവമാണെന്നും എൽഡിഫ് അംഗം സി സി ഷിബിനും പറഞ്ഞു.
യോഗത്തിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















