ഉണ്ണിയാടൻ്റെ തിരിച്ച് വരവ്; തുണയായത് ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎയുടെ പ്രകടനവും; എൽഡിഎഫ് മേൽക്കോയ്മ കാറളം , മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ മാത്രം.
ഇരിങ്ങാലക്കുട : മൂന്ന് വിജയങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് പരാജയങ്ങൾ. എഴാം തവണയും ഒരേ മണ്ഡലത്തിൽ നിന്നും മൽസരിക്കുന്നതിനെ ചൊല്ലിയുള്ള മുറുമുറുപ്പുകൾ . ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും ഇരിങ്ങാലക്കുട സീറ്റിൽ കോൺഗ്രസ് മൽസരിക്കണമെന്ന വാദവുമായി എത്തിയ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് – കോൺഗ്രസ് നേതാക്കൾ. സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ സീറ്റ് നേടിയെടുക്കാൻ വനിതാ നേതാക്കൾ നടത്തിയ ശ്രമങ്ങൾ. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ ജനപ്രതിനിധിയായുള്ള അഡ്വ തോമസ് ഉണ്ണിയാടൻ്റെ തിരിച്ച് വരവിന് സഹായിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും . സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നഗരസഭ ചെയർമാൻ കൂടിയായ എം പി ജാക്സൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവർത്തനവും എൻഡിഎ ക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ പോലെ വോട്ടുകൾ സമാഹരിക്കാൻ കഴിയാഞ്ഞതും ഉണ്ണിയാടന് ഗുണകരമായി. 2016 ൽ 2711 വോട്ടിനും 2021 ൽ 5949 വോട്ടിനും പരാജയമറിഞ്ഞ ഉണ്ണിയാടൻ്റെ തിരിച്ചുവരവ് 10212 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണെന്നുള്ളത് വിജയത്തിൻ്റെ തിളക്കമേറ്റുന്നുണ്ട്. ഭരണവിരുദ്ധ വികാരം അലയടിച്ച കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇരിങ്ങാലക്കുടയിൽ ഇടതുപക്ഷം 5000 ത്തോളം വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചുള്ള പ്രചരണ ഘട്ടങ്ങളിൽ ഇടതുപക്ഷത്തിന് ഈ കണക്ക് ആത്മവിശ്വാസം നൽകിയിരുന്നു . എന്നാൽ എല്ലാ കണക്കുകളെയും അപ്രസക്തമാക്കി കൊണ്ടാണ് ഉണ്ണിയാടൻ്റെ തിരിച്ചുവരവ് . .കാട്ടൂരിൽ യുഡിഎഫ് 923 വോട്ടിൻ്റെ ലീഡ് നേടിയപ്പോൾ ഇടതുപക്ഷത്തിൻ്റെ ശക്തികേന്ദ്രമായ കാറളത്ത് എൽഡിഎഫിന് 496 വോട്ടിൻ്റെ ലീഡ് മാത്രമാണ് നേടാൻ കഴിഞ്ഞത്. പൊറത്തിശ്ശേരി മേഖലയിൽ 1021 നും ഇരിങ്ങാലക്കുട നഗരസഭ മേഖലയിൽ 5028 ഉം പൂമംഗലത്ത് 44 ഉം വേളൂക്കര യാൽ 1106 ഉം ആളൂർ പഞ്ചായത്തിൽ 4744 വോട്ടിൻ്റെയും ലീഡാണ് യുഡിഎഫ് നേടിയത്. മുരിയാട് പഞ്ചായത്തിൽ 1056 ഉം പടിയൂർ പഞ്ചായത്തിൽ 1178 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിൽ 1192 വോട്ട് യുഡിഎഫിനും 1021 വോട്ട് എൽഡിഎഫിനു 390 വോട്ട് എൻഡിഎ യ്ക്കും ലഭിച്ചു.















