നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ തോൽവിയുടെയും കുറഞ്ഞ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപിയും
ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും നഷ്ടമായ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപി യും. ജില്ലയിൽ സിപിഎമ്മിന് നഷ്ടപ്പെട്ട എക സീറ്റ് കൂടിയാണ് ഇരിങ്ങാലക്കുട. പരാജയപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണെത് പാർട്ടി നേതൃത്വത്തിന് തലവേദന ആയിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎ യുടെ മോശം പ്രകടനവുമെല്ലാം കാരണങ്ങൾ ആയി ചൂണ്ടിക്കാട്ടാമെങ്കിലും 2021 നെ അപേക്ഷിച്ച് ആറായിരത്തിൽ അധികം വോട്ടുകൾ കുറഞ്ഞതിൻ്റെ കാരണങ്ങൾ തേടുകയാണ് പാർട്ടി നേതൃത്വം . തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും ഇത്രയും കനത്ത മാർജിനുള്ള തോൽവി പാർട്ടി കേന്ദ്രങ്ങൾ കണക്ക് കൂട്ടിയിരുന്നില്ല. ഠാണാ ചന്തക്കുന്ന് വികസനം ഉൾപ്പെടെ നടപ്പിലാക്കിയ ആയിരം കോടി രൂപയുടെ വികസന പദ്ധതികൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന കണക്ക് കൂട്ടൽ തന്നെയായിരുന്നു പാർട്ടി നേതൃത്വത്തിന്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്ന പ്രദേശങ്ങൾ പോലും ഇടതുപക്ഷത്തെ കൈവിട്ടതായി പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 30420 വോട്ടും 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 59515 വോട്ടും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34329 വോട്ടും നേടി മണ്ഡലത്തിൽ ശക്തി തെളിയിച്ച എൻഡിഎ യ്ക്ക് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. എഴായിരത്തിൽ അധികം വോട്ടുകളുടെ കുറവാണ് എൻഡിഎ യ്ക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉണ്ടായിട്ടുള്ളത്. 2025 ലെ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റ് നഗരസഭ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ലഭിച്ചിരുന്നില്ലെങ്കിലും 35000 ൽ അധികം വോട്ട് എൻഡിഎ യ്ക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ ലഭിച്ചിരുന്നു. ഭരണ വിരുദ്ധ വികാരത്തിൻ്റെ നേട്ടങ്ങൾ എന്ത് കൊണ്ട് തിരഞ്ഞെടുപ്പ് കണക്കുകളിൽ പ്രതിഫലിച്ചില്ലെന്നതിൻ്റെ പഠനങ്ങളിലേക്ക് എൻഡിഎ നേതൃത്വവും വരും നാളുകളിൽ കടക്കും.















