പോർവിളികളുമായി ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അവസാനയോഗം; ഭരണം സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണപക്ഷം
ഇരിങ്ങാലക്കുട : പോർവിളികളുമായി ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അവസാനത്തെ യോഗം. യോഗത്തിന് പത്ത് മിനിറ്റ് മുമ്പ് ഭരണത്തിനെതിരെയുള്ള എൽഡിഎഫ് പാർലമെൻ്ററി പാർട്ടി അംഗങ്ങളുടെ ജനകീയ കുറ്റപത്രവിചാരണ നഗരസഭ മന്ദിരത്തിന് മുമ്പ് നടന്നിരുന്നുവെങ്കിലും യോഗം ശാന്തമായിട്ടാണ് ആരംഭിച്ചത്. അവസാന യോഗത്തിൻ്റെ മുമ്പാകെ 19 അജണ്ടകൾ ഉണ്ടെങ്കിലും ഗൗരവമുള്ള ഉള്ളടക്കം ഒന്നും ഇല്ലെന്നും പരിതാപകരമായ അവസ്ഥയാണെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ കുറ്റപ്പെടുത്തി. ടേക്ക് എ ബ്രേക്ക് പ്രാവർത്തികമാക്കാൻ കഴിയാതിരുന്നത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും വിമർശിച്ചു. എന്നാൽ ടേക്ക് എ ബ്രേക്കിൻ്റെ നടത്തിപ്പ് കുടുംബശ്രീയെ എല്പിച്ചതാണെന്നും അവർ ഒഴിഞ്ഞതാണെന്നും ഭരണകക്ഷി അംഗം ടി വി ചാർലി മറുപടി പറഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 4000 ത്തോളം പേർക്ക് കുടിവെള്ള കണക്ഷൻ നൽകാൻ കഴിഞ്ഞതും പിഎംഎവൈ പദ്ധതിയിൽ 790 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞതും ഭരണ സമിതിയുടെ നേട്ടങ്ങളാണെന്ന് മുൻ വൈസ്- ചെയർമാൻ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തുടങ്ങി വച്ചതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താതെയാണ് ഷീ ലോഡ്ജ് അടക്കമുള്ള പദ്ധതികൾ ആരംഭിച്ചതെന്നും ഈ ഭരണസമിതിയുടെ അഞ്ച് വർഷത്തെ നേട്ടങ്ങൾ വട്ടപൂജ്യമാണെന്നും ഷിബിൻ ഭരണകക്ഷി അംഗങ്ങളുടെ എതിർപ്പിനിടയിൽ ആവർത്തിച്ചു. സ്റ്റീയറിംഗ് കമ്മിറ്റി ഭരണമാണ് ഇവിടെ നടന്നതെന്നും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പദവികൾ രാജി വച്ചിട്ട് വേണമായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ കുറ്റപത്ര വായനയെന്നും ബിജെപി അംഗം ടി കെ ഷാജു പരിഹസിച്ചു. നേട്ടമായി അവതരിപ്പിച്ചതെല്ലാം കേന്ദ്ര പദ്ധതികൾ ആണെന്നും മാറി മാറി ചെയർപേഴ്സൻമാർ വന്നുവെന്നല്ലാതെ ക്രിമിറ്റോറിയം, അറവുശാല എന്നിവയൊന്നും പ്രാവർത്തികമാക്കാൻ പറ്റിയില്ലെന്നും ഷാജു ചൂണ്ടിക്കാട്ടി. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ആരംഭം തന്നെ പിഴവോടെ ആയിരുന്നുവെന്നും ട്രഞ്ചിംഗ് ഗ്രൗണ്ട് അളക്കാൻ ആരെയാണ് ഭരണ കക്ഷി ഭയപ്പെടുന്നതെന്നും ബിജെപി അംഗം സന്തോഷ് ബോബനും ചോദിച്ചു. എന്നാൽ എല്ലാ വാർഡിലും കൗൺസിൽ തീരുമാനപ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും കേന്ദ്ര പദ്ധതികൾ ഇരിങ്ങാലക്കുട നിവാസികൾക്ക് ആവശ്യമില്ല എന്നാണോ ബിജെപി പറയുന്നതെന്നും വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ മുൻ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് മൂലമാണ് തകർന്ന് കിടന്നിരുന്ന റോഡുകളുടെ പുനർനിർമ്മാണം വൈകിയതെന്നും അവർ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റതോടെ മുൻചെയർപേഴ്സന് തുണയായി ഭരണകക്ഷി അംഗങ്ങളും രംഗത്തിറങ്ങി. പരസ്പര വിമർശനങ്ങളും പോർവിളികളുമായി രണ്ട് കൂട്ടരും ചെയർപേഴ്സൻ്റെ ഇരിപ്പിടത്തിൻ്റെ മുന്നിൽ നിറഞ്ഞു . പതിനഞ്ച് മിനിറ്റോളം വെല്ലുവിളികൾ തുടർന്നു. അംഗങ്ങളുടെ പ്രകടനങ്ങൾ എല്ലാവരും കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഒടുവിൽ ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
മഴക്കെടുതിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. നവംബർ 2 ന് മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ വികസന സദസ്സും 3 ന് ടൗൺ ഹാളിൽ വയോജന സംഗമവും നടക്കുമെന്നും ചെയർ പേഴ്സൺ അറിയിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.















