പൊറത്തൂച്ചിറ സംരക്ഷിക്കാൻ നടപടികളില്ല; പ്രതിരോധകലാസന്ധ്യയുമായി കർഷകർ.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ 32,33,35,36 എന്നീ വാർഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും,കല്ലടത്താഴം,തളിയക്കോണം പടവുകളിലെ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി പനോലി പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള സ്ലൂയിസ് ഷട്ടർ അടച്ച് വെള്ളം സംഭരിച്ചു നിർത്തുന്ന പൊറത്തുച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു.തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് പൊറത്തൂച്ചിറ ജലസമൃദ്ധമാക്കുന്നത്.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇരിങ്ങാലക്കുട പട്ടണത്തിലെ തരിശിട്ടിരിക്കുന്ന ചെളിയംപാടം,കാട്ടൂർ റോഡിനു സമീപം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് ചിറയിൽ ഒഴുകിയെത്തുന്നത്.ചില സാമൂഹ്യദ്രോഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യവും ചിറയിലേക്കെത്തുന്ന കല്ലേരിത്തോടിൽ ഒഴുക്കിവിടുന്നുണ്ട്.തന്മൂലം ചിറയിലെ വെള്ളം കറുത്തിരുണ്ട് ദുർഗ്ഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടുവരികയാണ്.
മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് കർഷകസംഘം പൊറത്തൂച്ചിറയോരത്ത് പ്രതിഷേധസമരത്തിൻ്റെ ഭാഗമായി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചത്.
കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് ഐ.ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ,കെ.ജെ.ജോൺസൺ,വി.എസ്.പ്രതാപൻ,കൗൺസിലർമാരായ സി.സി.ഷിബിൻ,സതി സുബ്രഹ്മണ്യൻ,ലേഖ ഷാജൻ,സി.എം.സാനി,
കേരള ശസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ ഭാരവാഹികളായ അഡ്വ.പി.പി.മോഹൻദാസ്,റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി എം.നിഷാദ് സ്വാഗതവും,സി.ആർ.മനോജ് നന്ദിയും പറഞ്ഞു.തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ അവതരിപ്പിച്ച ലഘുനാടകം,കഥാപ്രസംഗം,നാടൻപാട്ട്,പുല്ലാങ്കുഴൽ കച്ചേരി,കവിതാലാപനം തുടങ്ങിയവ അരങ്ങേറി.















