ജനകീയ പ്രതിരോധ ജാഥ ഇരിങ്ങാലക്കുടയിൽ മാർച്ച് അഞ്ചിന് ; സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി …

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ നല്കുന്ന സ്വീകരണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് അഞ്ചിന് ന് വൈകീട്ട് അഞ്ച് മണിക്ക് മുനിസിപ്പൽ മൈതാനത്താണ് സ്വീകരണ സമ്മേളനം. നിയോജക മണ്ഡലം അതിർത്തിയിൽ നിന്ന് നൂറ് കണക്കിന് ഇരുചക്ര വാഹന ങ്ങളുടെ അകമ്പടിയോടെ കൊമ്പിടിഞ്ഞാമാക്കൽ, ആളൂർ, കല്ലേറ്റുംകര വഴി ഠാണാ ജംഗ്ഷനിൽ എത്തി ചേരുന്ന ജാഥയ്ക്ക് റെഡ് വളണ്ടിയർമാർ നല്കുന്ന ഗാർഡ് ഓഫ് ഓണറിന് ശേഷം നാടൻ കലാരൂപങ്ങളുടെയും മേളത്തിന്റെയും ആയിരങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിക്കുമെന്ന് എരിയ സെക്രട്ടറി വി എ മനോജ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ സമ്മേളനത്തിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി തൃശ്ശൂർ ജനനയനയുടെ നേത്യത്വത്തിൽ ഫോക്ക് ഈവ് അരങ്ങേറും. മാർച്ച് മൂന്നിന് എല്ലാ ലോക്കലുകളിലും വിളംബര ജാഥയും റിഹേഴ്സൽ പരേഡും സംഘടിപ്പിക്കുന്നുണ്ട്. മാർച്ച് 6 ന് രാവിലെ 6.30 ന് കല്ലട റീജൻസിയിൽ ജാഥാ ക്യാപ്റ്റനും അംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ കെ ആർ വിജയ , കെ സി പ്രേമരാജൻ, കെ എ ഗോപി , യു കെ പ്രഭാകരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















