ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; ഇടക്കാലാശ്വാസം അനുവദിക്കണമെന്ന നിക്ഷേപകരുടെ ആവശ്യം അംഗീകരിക്കാതെ ആർബിഐ; ഫൊറൻസിക് ഓഡിറ്റ് നടപടികൾ തുടരുകയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും സൂചിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർക്ക് നിക്ഷേപത്തിൻ്റെ 20% ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ആർബിഐ. ഡിഐസിജിസിക്ക് ടൗൺ ബാങ്ക് 373. 54 കോടി രൂപ നൽകാനുണ്ടെന്നും ബാങ്കിൻ്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിക്ഷേപകർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ആർബിഐ അധികൃതർ വ്യക്തമാക്കിയതായി മുൻമന്ത്രി ഡോ ആർ ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അഡ്മിനിസ്ട്രേറ്റർ സി ആർ ഗോപീകൃഷ്ണൻ അറിയിച്ചു. ഈ മാസം 16 ന് ബാങ്ക് അങ്കണത്തിൽ നടന്ന നിക്ഷേപകരുടെ റിലേ നിരാഹാരസമരത്തെ തുടർന്ന് നിക്ഷേപകരുടെ നിവേദനങ്ങൾ ആർബിഐ അധികൃതർക്ക് കൈമാറാമെന്നും നവംബർ 25 ന് മറുപടി നൽകാമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചിരുന്നു. കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും അഞ്ച് ഫയലുകളിൽ ഫൊറൻസിക് ഓഡിറ്റ് നടപടികൾ നടന്ന് വരികയാണെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും നാല് ബ്രാഞ്ചുകൾ അടയ്ക്കാൻ ആർബിഐ അനുമതി ലഭിച്ച് കഴിഞ്ഞതായും രണ്ട് ബ്രാഞ്ചുകൾ ഒഴികെയുള്ളവ ഘട്ടംഘട്ടമായി അടയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്മിറ്റി നിക്ഷേപകരെ അറിയിച്ചു. കൂടുതൽ ഫയലുകൾ ഫൊറൻസിക് ഓഡിറ്റിന് വിധേയമാക്കണമെന്നും കുറ്റക്കാർക്കെതിരെയുള്ള നടപടികൾ നീണ്ട് പോകരുതെന്നും ഡോ ആർ ബിന്ദുവും നിക്ഷേപകരും ആവശ്യപ്പെട്ടു. ബാങ്കിനെ സൊസൈറ്റി ആക്കി മാറ്റി പ്രതിസന്ധി മറികടക്കാൻ എളുപ്പമല്ലെന്നും ആർബിഐ യിൽ നിന്നും എൻഒസി കിട്ടില്ലെന്നും ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനാണ് ആർബിഐ ആവശ്യപ്പെടുന്നതെന്നും കമ്മിറ്റി സൂചിപ്പിച്ചു. കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്ന വിഷയത്തിൽ സഹകരിക്കാമെന്ന് നിക്ഷേപകർ ഉറപ്പുനൽകി. കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, ഇ ജെ കുര്യൻ, മാനേജിംഗ് ഡയറക്ടർ എ എൽ ജോൺ, നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ , നിക്ഷേപകകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . സി ഐ കെ എസ് സന്ദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.















