നവതി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നഗരസഭ; റോഡുകളുടെയും തെരുവുനായ പ്രശ്നത്തിൻ്റെയും കുടിവെള്ളക്ഷാമത്തിൻ്റെയും പരിഹാരങ്ങളായിട്ടില്ലെന്ന് പ്രതിപക്ഷം
ഇരിങ്ങാലക്കുട : നവതി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നഗരസഭ . നവംബർ 6 ന് ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ യോഗത്തിൽ ചെയർമാൻ അറിയിച്ചു. ജനപ്രതിനിധി സംഗമം, വയോജന സംഗമം, നാട്ടുൽസവങ്ങൾ, വികസന ആശയങ്ങളെ മുൻനിറുത്തിയുള്ള ഡോക്യുമെൻ്ററി നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷങ്ങൾ നടക്കുക. പൊറത്തിശ്ശേരിയിലെ കാർഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, പൊതുയിടങ്ങളുടെ നവീകരണം, മുനിസിപ്പൽ പാർക്ക് , ഞൗരിക്കുളം നവീകരണം എന്നീ പദ്ധതികൾ ആസൂത്ര ഘട്ടത്തിലാണെന്നും ചെയർമാൻ അറിയിച്ചു. നവതി ആഘോഷങ്ങളെ സ്വാഗതം ചെയ്ത പ്രതിപക്ഷം പട്ടണത്തിൻ്റെ അവസ്ഥ മോശമാണെന്ന് തകർന്ന് കിടക്കുന്ന റോഡുകൾ, തെരുവുനായ ശല്യം , കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് ചൂണ്ടിക്കാട്ടി . സ്ഥലം കണ്ടെത്തിയാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ഡോഗ് ഷെൽട്ടർ സ്ഥാപിക്കാമെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പ്രാദേശികമായ പദ്ധതികൾ നടപ്പിലാക്കാമെന്നും അറവുശാലയ്ക്കായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ വെറ്ററിനറി സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ 24 കോടി രൂപയുടെ പദ്ധതിയുടെ ആവശ്യമില്ലെന്നും ചെയർമാൻ മറുപടി നൽകി . ടാറിൻ്റെ വില വർധനയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അധികമായി വരുന്ന 70 ലക്ഷം രൂപ ചിലവഴിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങി എടുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു . ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഉടൻ വിളിച്ച് ചേർക്കാമെന്നും ചെയർമാൻ അറിയിച്ചു . അംഗങ്ങളായ പി വി ശിവകുമാർ, ടി കെ ഷാജു , അൽഫോൺസ തോമസ്, സി സി ഷിബിൻ, കെ എസ് പ്രസാദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു . യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു















