പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷംനാദ് (38) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 7.50 മണിയോടെ തൃശ്ശൂർ ഭാഗത്തുനിന്ന് കാറിൽ ഠാണ ഭാഗത്തേക്ക് മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനം ഓടിച്ചെത്തിയ പ്രതി ഠാണ ജംഗ്ഷനിൽ മറ്റ് വാഹനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനെ തുടർന്നാണ് സംഭവം. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഹബീബ് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി നിർദേശം അനുസരിക്കാതെ കലഹസ്വഭാവത്തോടെ പെരുമാറുകയും പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട എസ് എച്ച് ഒ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ പ്രീജു പി ടി, ജി എ എസ് ഐ മാരായ സുഭാഷ്, രാജേഷ്, ജി എസ് സി പി ഒ മാരായ, അജിത്ത്, ഉമേഷ് കൃഷ്ണൻ, സി പി ഒ ഉമേഷ് കെ വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്















