സമാജം സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ തള്ളി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം; സമാജം നിയമാവലി ലംഘിച്ച് കൊണ്ട് പ്രവർത്തിച്ചിട്ടില്ലെന്നും ശ്മശാന നിർമ്മാണത്തിൻ്റെ കണക്കുകൾ ലഭ്യമാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും സമാജം ഭരണ നേതൃത്വം
ഇരിങ്ങാലക്കുട : ഗുരുധർമ്മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എൻബിഎസ് സമാജത്തെ കരിവാരി തേയ്ക്കാനാണ് സമാജം സംരക്ഷണ സമിതി എന്ന പേരിൽ ചിലർ ശ്രമിക്കുന്നതെന്നും സമാജത്തിൻ്റെ നിയമാവലി ലംഘിച്ച് കൊണ്ട് തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിലായാലും സ്ഥാപനങ്ങളുടെ നടത്തിപ്പിലായാലും പ്രവർത്തിച്ചിട്ടില്ലെന്ന് സമാജം ഭരണ സമിതി നേതൃത്വം. ശിക്ഷണ നടപടികൾ നേരിട്ട വ്യക്തി എന്ന നിലയിലാണ് ഭാസിയുടെ പത്രിക തള്ളിയതെന്ന് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറി എം കെ വിശ്വംഭരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.എന്നാൽ ഭാസിയും മോഹൻലാലും ചേർന്ന് വധഭീഷണി മുഴക്കിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുപ്രചരണങ്ങൾ അഴിച്ച് വിടുകയും വോട്ട് ചെയ്യാൻ എത്തിയവരെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഭംഗിയായി നടന്നു. കമ്മിറ്റി അംഗങ്ങളുടെ ശുപാർശ പരിഗണിച്ചാണ് അംഗത്വം നൽകുന്നത്. ഉദ്ഘാടനം കഴിഞ്ഞതോടെ ക്രിമിറ്റോറിയം നിർമ്മാണ കമ്മിറ്റി നടത്തിപ്പ് ചുമതല സമാജത്തിന് കൈമാറി. 2026 ലെ കണക്കിൽ ശ്മശാനം നവീകരണ കമ്മിറ്റിയുടെ പേരിൽ കാണിച്ചിട്ടുളള 63 ലക്ഷത്തോളം രൂപ കമ്മിറ്റി സമാജത്തിന് കൈമാറിയതാണ്. കമ്മിറ്റിയുടെ പേരിൽ തുക കാണിച്ചിരിക്കുന്നത് ഓഡിറ്ററുടെ നിർദ്ദേശപ്രകാരം അക്കൗണ്ടിംഗ് സമ്പ്രദായത്തിൻ്റെ ഭാഗമായിട്ടാണ്. ഓഡിറ്ററുമായി സംസാരിച്ച് ഹെഡ് മാറ്റുന്ന കാര്യം ആലോചിക്കും. തിരഞ്ഞെടുപ്പിൽ എതിർ പാനലിൽ മൽസരിച്ച സ്ഥാനാർഥിയെക്കുറിച്ച് എസ്എൻഡിപി മുകുന്ദപുരം യൂണിയൻ പ്രസിഡണ്ട് നടത്തിയ പരാമർശം ആരെക്കുറിച്ചാണ് നടത്തിയതെന്ന് അറിയില്ല. പ്രസ്തുത പ്രസ്താവനയെ താൻ അപലപിച്ചിട്ടില്ല. സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ കാര്യത്തിൽ കുറച്ച് കൂടി മുന്നോട്ട് പോകാനുണ്ട്. എസ് എൻവൈഎസ് ആണ് ലൈബ്രറിയുടെ കാര്യങ്ങൾ നോക്കുന്നത് . വൈസ് പ്രസിഡൻ്റ് ഷിജിൻ തവരങ്ങാട്ടിൽ , ട്രഷറർ വേണു തോട്ടുങ്ങൽ, ഭരണ സമിതി അംഗങ്ങളായ ദിനേശ് എളന്തോളി, കുട്ടപ്പൻ കണ്ണാംകുളം, വിജു കൊറ്റിക്കൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















