പ്രതികൂല കാലാവസ്ഥയിൽ ഉലഞ്ഞ് നാലമ്പല തീർഥാടനം; തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് നേരിട്ടതായി ദേവസ്വം അധികൃതർ
ഇരിങ്ങാലക്കുട : പ്രതികൂലകാലാവസ്ഥയിൽ ഉലഞ്ഞ് നാലമ്പല തീർഥാടനം. സംസ്ഥാനത്ത് തൃശ്ശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് അറിയിപ്പ് വന്നതോടെ കഴിഞ്ഞ ഞായറാഴ്ചയെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് നേരിട്ടത്. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ തുറന്ന നട രണ്ട് മണിയോടെ തന്നെ അടച്ചു. നാലായിരം പേർ മാത്രമാണ് അന്നദാനത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ച 12700 പേരാണ് അന്നദാനത്തിന് എത്തിയത്. ജാഗ്രത മുന്നറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ നിന്നുള്ള ട്രിപ്പുകൾ റദ്ദ് ചെയ്തതായി ദേവസ്വം അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 27 കെഎസ്ആർടിസി സർവീസുകളാണ് നാലമ്പല തീർഥാടകരെയും കൊണ്ട് എത്തിയത്. ഇന്ന് എട്ടോളം സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.















