‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി; പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് മേതിൽ ദേവിക ; ശ്രദ്ധ നേടി ‘കാവട്ടം’ ‘ഹാർട്ട്സൂത്ര’വും
ഇരിങ്ങാലക്കുട : പരിസ്ഥിതി എന്ന് പറയുന്നത് ഏറ്റവും മൗലികമായ ചിന്തയാണെന്ന് നർത്തകിയും സംവിധായികയുമായ മേതിൽ ദേവിക. ” ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് സെന്റ് ജോസഫ്സ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ക്യാപ്റ്റൻ ലിറ്റി ചാക്കോ സ്വാഗതവും സ്റ്റുഡൻ്റ് കോർഡിനേറ്റർ റെയ്ച്ചൽ തോമസ് നന്ദിയും പറഞ്ഞു. നേരത്തെ മാസ് തിയേറ്ററിൽ ഡോ. മേതിൽ ദേവികയുടെ കാവട്ടം, ഹാർട്ട്സൂത്ര എന്നീ ഡോക്യുമെന്ററികൾ ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിച്ചു. കൂടിയാട്ട കുലപതി വേണുജി ദേവികയെ പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങിന് മുമ്പ് അവതരിപ്പിച്ച ചവിട്ട് നാടകം ശ്രദ്ധ നേടി. തുടർന്ന് ട്രൈബൽ കൾച്ചർ ഇൻ വയനാട് , ചൂഡുമണി, കടമക്കുടി, പരുന്താട്ടം എന്നീ ഡോക്യുമെൻ്ററികൾ പ്രദർശിപ്പിച്ചു.അധ്യാപക അനധ്യാപകർക്കുള്ള മുറം ചേറ്റൽ മത്സരം, കോളജിൻ്റെ മ്യൂസിക് ബാൻ്റ് രാഗയുടെ ജാനകിയമ്മ അനുസ്മരണ ഗാനങ്ങൾ , വിവിധ ഫൂഡ് സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയ പരിപാടികളും സമാന്തരമായി നടന്നു.















