” പ്രിയദർശിനി” ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന;തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ സർവീസുകൾ വേണമെന്ന് യാത്രക്കാരുടെ സമ്മർദ്ദമെന്ന് അധികൃതർ

” പ്രിയദർശിനി “ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ യാത്ര സർവീസുകൾക്കായി സമ്മർദ്ദമെന്ന് അധികൃതർ

ഇരിങ്ങാലക്കുട : ഓരോ ദിനം കഴിയും തോറും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുടെ കണക്കുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി കെഎസ്ആർടിസി സർവീസുകൾ. സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ 21 വരെയുള്ള കാലയളവിൽ പ്രിയദർശിനി സർവീസ് നടത്തിയ 35 ബസ്സുകളിൽ നിന്നായി 522593 രൂപയാണ് ആകെ വരുമാനമായി ലഭിച്ചിട്ടുള്ളത്. ഇതിൽ സൗജന്യ യാത്രക്കാരിൽ നിന്നുള്ള വരുമാനം (സർക്കാർ നികത്തുന്നതോടെ ) 309550 രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 12564 യാത്രക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിട്ടുള്ളത്. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം 48 രൂപ 43 പൈസ ആയി ഉയർന്നിട്ടുണ്ട്. ഓരോ ദിവസവും കഴിയുംതോറും സൗജന്യ യാത്ര തേടുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. ഗ്രാമവണ്ടി ഉൾപ്പെടെ എട്ട് പ്രിയദർശിനി സർവീസുകൾ ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്ററിൽ നിന്നും നടത്തുന്നുണ്ട്. ഡ്രൈവർ തസ്തികയിൽ കൂടുതൽ പേർ വന്നതോടെ കൂടുതൽ സർവീസുകൾ നടത്താൻ കഴിയുന്നുമുണ്ട്. കണ്ടക്ടർ ജീവനക്കാരുടെ കുറവ് മൂലം ഇടയ്ക്ക് ആലുവ, ചോറ്റാനിക്കര, എറണാകുളം സർവീസ് മുടങ്ങുമ്പോൾ പരാതികളും ഉയരുന്നുണ്ട്. ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് വണ്ടികളെ ആശ്രയിച്ചിരുന്നവർ പ്രിയദർശിനി സർവീസുകളിലേക്ക് മാറുന്ന സാഹചര്യമാണ് ഉള്ളത് . മഴക്കാലം പിന്നിടുന്നതോടെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് കൂടുതൽ പേർ പ്രിയദർശിനി സർവീസുകളെ തേടി വരുമെന്ന വിലയിരുത്തലുമുണ്ട്. അതേ സമയം തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ പ്രിയദർശിനി സർവീസുകൾ ആരംഭിക്കണമെന്ന സമ്മർദവും യാത്രക്കാരിൽ നിന്നും ഉയരുന്നുണ്ട്. സൗജന്യ യാത്ര മൂലം കെഎസ്ആർടിസി ക്കുള്ള നഷ്ടം സർക്കാർ കൃത്യമായി നികത്തിയാൽ പ്രിയദർശിനി പദ്ധതി നിലവിൽ ഉള്ള ഓർഡിനറി സർവീസുകൾ അധികം വൈകാതെ കെഎസ്ആർടിസി യ്ക്ക് ലാഭത്തിൻ്റെ കണക്കുകൾ നൽകുമെന്ന് തന്നെയാണ് അധികൃതർ നൽകുന്ന സൂചനകൾ.

Please follow and like us: