ആളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരെ അധിക്ഷേപിച്ച പ്രതികൾ അറസ്റ്റിൽ

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും, ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും

ആളൂർ സ്വദേശികളുമായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (32), വയമേലി വീട്ടിൽ സുജിത്ത് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 01:45 ഓടെയാണ് സംഭവം. റോഡപകടത്തിൽ കാലിന്റെ വിരലിൽ ചെറിയ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു പ്രതികൾ. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഒരു ചെറിയ കുട്ടിക്ക് ഇൻജക്ഷൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തങ്ങളെ ആദ്യം ചികിത്സിച്ചില്ലെന്ന് ആരോപിച്ച് പ്രതികൾ നഴ്സിനോട് തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.ബഹളം കേട്ടെത്തിയ ഡ്യൂട്ടി ഡോക്ടർ പ്രതികളോട് ഡ്രെസ്സിംഗ് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ, ഇവർ ഡോക്ടർക്ക് നേരെ തിരിയുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് അക്രമാസക്തരായ പ്രതികൾ നഴ്സിംഗ് റൂമിലെ കസേരകൾ മറിച്ചിടുകയും, മേശപ്പുറത്തിരുന്ന മരുന്നുകളും ആശുപത്രി ഉപകരണങ്ങളും തട്ടിമറിച്ചിടുകയുമായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉടനടി സ്ഥലത്തെത്തിയ ആളൂർ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ വി ഹരിക്കുട്ടനും സംഘവുമാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: