സ്കൂൾ പ്രവേശനം; സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം

സ്കൂൾ പ്രവേശനം; സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനും ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തി ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനും ഇരിങ്ങാലക്കുടയിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനം

ഇരിങ്ങാലക്കുട : 2026-27 അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശന നടപടികൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കാൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം . വിദ്യാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്. റവന്യൂ, വിദ്യാഭ്യാസം, മോട്ടോർ വാഹനം, തദ്ദേശ സ്വയംഭരണം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഡി വൈ എസ് പി മാർ, എസ് എച്ച് ഒ മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നത് തടയുക, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുക എന്നിവയ്ക്കാണ് മുൻഗണന. മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് സ്കൂൾ പരിസരങ്ങളിൽ സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തമാക്കും. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ച് മാറ്റുക, വെള്ളക്കെട്ടുകൾക്ക് സാധ്യതയുണ്ടെങ്കിൽ അവ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു . സ്കൂൾ വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, സ്പീഡ് ഗവർണർ, ഫയർ എക്സ്റ്റിംഗുഷർ എന്നിവ നിർബന്ധമാണ്. കൂടാതെ സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.രാവിലെയും വൈകീട്ടും സ്കൂളുകളിലേക്ക് വരുന്നതും തിരിച്ച് പോകുന്നതുമായ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സർവീസ് പൂർണ്ണമായും നിരോധിക്കാനും തീരുമാനമായി.

ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തി ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും.

 

യോഗത്തിൽ കൃഷ്ണദാസ് വി.എ (അഡീഷണൽ എസ്.പി, തൃശ്ശൂർ), സജികുമാർ സി.കെ (എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, തൃശ്ശൂർ), സാഞ്ചോ വർഗീസ് (ജോയിന്റ് ആർ.ടി.ഒ, ഇരിങ്ങാലക്കുട) സലീഷ്.എൻ.എസ് ഡി.വൈ.എസ്.പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), സന്തോഷ് കുമാർ എം (ഡി.വൈ.എസ്.പി, ഇരിങ്ങാലക്കുട സബ് ഡിവിഷൻ), കെ.പി. ബെന്നി (ഡി.വൈ.എസ്.പി, ചാലക്കുടി സബ് ഡിവിഷൻ – ഇൻ ചാർജ്), പ്രമോദ് പി (ഡി.വൈ.എസ്.പി, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), കൊരട്ടി, അവിണിശ്ശേരി, കോടശ്ശേരി, മാള, ഇടത്തിരുത്തി, വേളൂക്കര, പറപ്പൂക്കര, ഏങ്ങണ്ടിയൂർ, മതിലകം, വല്ലച്ചിറ, തൃക്കൂർ, ആളൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റ് ഭരണസമിതി അംഗങ്ങൾ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പ് എന്നിവയിലെ ഉദ്ദ്യോഗസ്ഥർ റൂറൽ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും അടക്കം നൂറോളം പേർ പങ്കെടുത്തു.

Please follow and like us: