പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ് നേടി ക്രൈസ്റ്റ് കോളേജ് ഗവേഷകർ
ഇരിങ്ങാലക്കുട: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും പരിസ്ഥിതി മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന ഇലക്ട്രോണിക് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഉപകരണത്തിൻ്റെ മാതൃക വികസിപ്പിച്ചതിന് ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജിലെ ഗവേഷകർക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭിച്ചു.
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകരണ നില, താപനില വ്യതിയാനങ്ങൾ, ഈർപ്പം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങൾ കൃത്യമായി നിരീക്ഷിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഈ ഉപകരണം സഹായകരമാകുമെന്ന് ഗവേഷകർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വിവര വിശകലന സംവിധാനമാണ് ഉപകരണത്തിന്റെ പ്രത്യേകത. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഭാവിയിലെ പരിസ്ഥിതി വെല്ലുവിളികളെ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായകരമാകും.
ഡോ. ജിൻസ് മോൻ സിറിയക് (സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട്), ഡോ. ടോം ചെറിയാൻ, ഡോ. സുബിൻ കെ ജോസ്, ഫാ. സിബി ഫ്രാൻസിസ്, ഫാ. ഡോ. വിൻസെന്റ് എൻ. എസ്., ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ ചേർന്നാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് ഇന്നോവേഷൻ പാർക്ക് , അക്വാ റിസർച്ച് ലാബ് എന്നിവയുടെ നേതൃത്വത്തിലാണ് ഗവേഷണവും ഉപകരണ വികസനവും നടന്നത്.















