ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെളളക്കെട്ടിന് കാരണമായതായി വിമർശനം; സ്റ്റോപ്പ് മെമ്മോ നൽകിയതായി നഗരസഭ; തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് മെമ്മോ നൽകിയതെന്നും മണ്ണടിച്ചതും വെള്ളക്കെട്ടും തമ്മിൽ ബന്ധമില്ലെന്നും ബൈപ്പാസ് റോഡിൽ കാനയില്ലാത്തതാണ് യഥാർഥ വിഷയമെന്നും സ്ഥലമുടമ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെള്ളക്കെട്ടിന് കാരണമായതായി വിമർശനം. ബൈപ്പാസ് റോഡിൽ കിഴക്ക് നിന്നും വരുന്ന വെള്ളം കല്ലേരി തോട്ടിലേക്കും തുടർന്ന് പൊറത്തൂച്ചിറയിലേക്കും പോകുന്ന പ്രക്രിയയാണ് സ്വകാര്യ വ്യക്തി തൻ്റെ പറമ്പിൽ മണ്ണടിക്കുന്നതിനിടയിൽ നടത്തിയ പ്രവർത്തനത്തിലൂടെ തടസ്സപ്പെട്ടതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. രാജപ്പാതയാക്കുമെന്ന് ഭരണാധികാരികൾ പറയുന്ന ബൈപ്പാസ് റോഡിൻ്റെ ഒരു ഭാഗം ഇപ്പോൾ വെള്ളക്കെട്ടിലാണ് .ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറിയ കടകളും ഇപ്പോൾ വെള്ളക്കെട്ടിലാണ്. കലുങ്ക് മണ്ണിട്ട് മൂടിയ സ്വകാര്യ വ്യക്തിക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും മണ്ണ് നീക്കം ചെയ്യണമെന്നും സ്ഥലം സന്ദർശിച്ച എൽഡിഎഫ് പാർലമെൻ്ററി പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച തന്നെ സ്ഥലം ഉടമയായ ഇരിങ്ങാലക്കുട ക്രൈസറ്റ് കോളേജ് റോഡിൽ ചക്കച്ചാംപറമ്പിൽ ആൻ്റണിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായി നഗരസഭ അധികൃതർ അറിയിച്ചു . അടുത്ത ദിവസം തന്നെ ജലമൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ അടിച്ചിട്ടുള്ള മണ്ണ് സ്ഥലം ഉടമയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും ഇതിനുള്ള നിർദ്ദേശം നൽകിയതായും നഗരസഭ അധികൃതർ അറിയിച്ചു. അതേ സമയം പാടം നികത്തുന്നുവെന്ന ധാരണയിലാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ തന്നതെന്നും തൻ്റേത് പറമ്പാണെന്നും രേഖകൾ ഹാജരാക്കിയതോടെ മെമ്മോ പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബൈപ്പാസ് റോഡിൽ കാനയില്ലാത്തതാണ് വിഷയമെന്നും മണ്ണടിച്ചതും വെള്ളക്കെട്ടുമായി ബന്ധമില്ലെന്നും സ്ഥലമുടമ അറിയിച്ചു.















