പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് .

തൃശ്ശൂർ: പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പൻ. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള 49 മത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്.

ഒരു ദളിത് യുവാവിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വൈകാരികമായ കഥ പറയുന്ന ‘നിഴൽ വ്യാപാരികൾ’, ആധുനിക ഇന്ത്യയുടെ നേർചിത്രമാണെന്ന് പുരസ്കാര നിർണ്ണയ വേളയിൽ ജൂറി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സമൂഹത്തിൽ നിന്നും അവഗണന നേരിടേണ്ടി വരുന്ന ഒരു ദളിത് യുവാവ്, സമൂഹത്തിലെ അഴിമതിക്കും മായം ചേർക്കലിനുമെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ചിത്രം വരച്ചുകാട്ടുന്നത്. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും തലസ്ഥാനത്ത് വെച്ച് നടന്ന 11-ാമത് സത്യജിത്ത് റേ ഗോൾഡൻ ആർക്ക് അവാർഡിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരങ്ങൾ ഷാജു വാലപ്പനെ തേടിയെത്തിയിരുന്നു.വാലപ്പൻ ക്രീയേഷന്സ് നിർമ്മിച്ച സ്വാലിഹ് എന്ന സിനിമ മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയായും ,സിദ്ധിക്ക് പറവൂർ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു .

Please follow and like us: