വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം; ബിജെപി ബൂത്ത് പ്രസിഡണ്ടിന് കുത്തേറ്റു; ഒരാൾ പോലീസ് കസ്റ്റഡിയിൽ
ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു . പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് സുരേഷിൻ്റെ ബന്ധു മണികണ്ഠൻ പറഞ്ഞു. ഇതേ സമയം പ്രതിയുടെ കൂടെ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായും ബിജെപി പ്രവർത്തകർ പറഞ്ഞു . സംഭവത്തിൽ ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നേതാക്കളായ കൃപേഷ് ചെമ്മണ്ട, ലോചനൻ അമ്പാട്ട്, സുഭീഷ് പി എസ് , അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ജിതേഷ് മോഹൻ , ഷൈജു കുറ്റിക്കാട്ട്, കെ ആർ രഞ്ജിത്ത്, വി സി രമേഷ്, അജു കോച്ചേരി എന്നിവർ സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അക്രമണം നടത്തിയ പ്രതി സലോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പോലീസ് അറിയിച്ചു . അതേ സമയം സംഭവവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം കേന്ദ്രങ്ങൾ അറിയിച്ചു















