ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ തീപ്പിടുത്തം; മുകൾ നില പൂർണ്ണമായും കത്തിനശിച്ചു; നവീകരിച്ച കാൻ്റീൻ പ്രവർത്തനം ആരംഭിച്ചത് രണ്ട് വർഷങ്ങൾക്ക് മുമ്പ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻ്റീനിൽ തീപ്പിടുത്തം. ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപ്പിടുത്തത്തിൽ കാൻ്റീനിലെ മുകൾനിലയിലെ ഹാൾ കത്തി നശിച്ചു. പുലർച്ചെ അഞ്ച് മണി മുതൽ വൈകീട്ട് എട്ടര വരെയാണ് കാൻ്റീൻ പ്രവർത്തിക്കുന്നത്. അപകട സമയത്ത് ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട ആശുപത്രി സെക്യൂരിറ്റി ജീവനക്കാരാണ് പോലീസിനെയും ഫയർ ഫോഴ്സ് അധികൃതരെയും അറിയിച്ചത്. ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവടങ്ങളിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് ഒരു മണിക്കൂർ നേരത്തെ ശ്രമങ്ങളെ തുടർന്നാണ് തീ അണച്ചത്. താഴത്തുള്ള ഡോർ തകർത്ത് അകത്ത് പ്രവേശിപ്പിക്കുമ്പോൾ തീ മുകളിൽ നിന്നും താഴേക്ക് പടരുകയായിരുന്നുവെന്ന് ഫയർ യൂണിറ്റിലെ ജീവനക്കാർ പറഞ്ഞു. താഴെയുള്ള അടുക്കളയിലെ ഗ്യാസ് സിലണ്ടറുകൾ പെട്ടെന്ന് നീക്കം ചെയ്തതോടെ കൂടുതൽ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. മുകൾ നിലയിലെ ഹാൾ സ്റ്റോർ റൂമായിട്ടാണ് ഉപയോഗിച്ചിരുന്നത്. ആശുപത്രി അധികൃതർ വിലക്കിയിരുന്നുവെങ്കിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായി പറയുന്നു. പറപ്പൂക്കര സ്വദേശിയായ ജോയ് ആണ് കാൻ്റീൻ ടെണ്ടർ വിളിച്ച് വർഷങ്ങളായി നടത്തുന്നത്. ജി എച്ച് കിച്ചൻ എന്ന പേരിൽ 2024 ലാണ് നവീകരിച്ച കിച്ചൻ പ്രവർത്തനം ആരംഭിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രസാദ് കുമാറിൻ്റെ നേതൃത്വത്തിൽ പതിനഞ്ചോളം ജീവനക്കാർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.















