സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയെ മൊബൈൽ ഫോണിൽ വിളിച്ച് മുബൈ പോലീസിലെ സിബിഐ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി വീട്ടമ്മയുടെ ആധാർ നമ്പർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും ആയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വെബ്സൈറ്റ് വഴി വ്യാജ എഫ്ഐആർ അയച്ച് നൽകി വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ ആണെന്നും പറഞ്ഞ് പലപ്പോഴായി വിവിധ ബാങ്ക് അക്കൗണ്ടുകൾ മുഖേന 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4,90,000/- സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങിയ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി പാമ്പു വീട്ടിൽ ഫർഷാദ് 24 വയസ് എന്നയാളെ അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിൽ വരുന്നതായി വിവരം ലഭിച്ച പോലീസ് സംഘം മംഗളൂരു വിമാനത്താവളത്തിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, ജി എസ് ഐ മുഹമ്മദ് റാഷി എം എ, ജി എസ് സി പി ഒ രഞ്ജിത്ത് എം ആർ, സി പി ഒ മാരായ, ഷാബു എം എം, മുരളികൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















