വാര്യർ സമാജം കേന്ദ്ര വാർഷിക സമ്മേളനം ; ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമർപ്പിച്ചു
ഇരിങ്ങാലക്കുട : കേരള വാര്യർ സമാജത്തിൻ്റെ പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമാജം കേന്ദ്ര വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമർപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽകേന്ദ്ര പ്രസിഡണ്ട് പി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ചലച്ചിത്ര നിർമ്മാതാവ് ലക്ഷ്മി വാര്യർ , എ സി സുരേഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം കഥാകൃത്ത് കെ രേഖയും യുവജന സംഗമം ഡോ കണ്ണൻ സി എസ് വാര്യരും ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി കെ മോഹൻദാസ് (പ്രസിഡണ്ട്) , ആർ മുരളീധരൻ, എ കൃഷ്ണകുമാർ, സി ബാലകൃഷ്ണവാര്യർ ( വൈസ്- പ്രസിഡണ്ടുമാർ) , വി വി മുരളീധരൻ (ജന. സെക്രട്ടറി) , വി ആർ ബാലകൃഷ്ണൻ, രജനീഷ് വാര്യർ, ടി വി രാധാകൃഷ്ണൻ (സെക്രട്ടറിമാർ ) , വി വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു