എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് അന്തിമ പരിഹാരമായി; ന്യായവില പുനർനിർണ്ണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ; പരിഹാരമാകുന്നത് വില്ലേജിലെ പതിനായിരത്തോളം വരുന്ന ഭൂവുടമകളുടെ പരാതികൾക്ക്
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂവുടമകളുടെ നാളുകളായുള്ള പ്രശ്നത്തിന് പരിഹാരമായി. ഉയർന്ന ന്യായവില പുനർനിർണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2010 ൽ എടതിരിഞ്ഞി വില്ലേജിൽ നിശ്ചയിച്ച ന്യായവില ഭൂമിയുടെ യഥാർഥ ന്യായവിലയെക്കാൾ ഉയർന്നതാണെന്ന വിമർശനം ഉയർന്നിരുന്നു. രണ്ടര സെൻ്റിന് 1950000 വരെ വില നിർണ്ണയിച്ചതായി വരെ ഭൂവുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പരാതികൾ പരിഹരിക്കാൻ റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചുവെങ്കിലും ഭൂവുടമകളിൽ ചെറിയ ശതമാനം പേർ മാത്രമാണ് അദാലത്തിലും വില്ലേജിലും പരാതി നൽകിയിരുന്നത്. വില്ലേജിലെ എല്ലാ സർവേ നമ്പറുകൾക്കും മുഴുവൻ ഭൂവുടമകൾക്കും ബാധകമാകുന്ന നിലയിൽ ന്യായവില കുറവ് വരുത്തി ഉത്തരവ് ഇറക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുകയും പടിയൂർ പഞ്ചായത്ത് വിഷയത്തെ ചൊല്ലി സമരവേദി ആവുകയും ചെയ്തതോടെയാണ് ന്യായവില പുനർനിർണ്ണയിക്കാൻ ആർഡിഒ വിനെ ചുമതലപ്പെടുത്തി ജില്ലാ ഭരണകൂടം 2025 ജൂലൈ 18 ന് ഉത്തരവായത്. റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് വിജ്ഞാപനം ജില്ലാ കളക്ടർ ഉൾപ്പെടുന്ന ജില്ലാ തല സമിതി 2026 ജനുവരി 17 ന് അംഗീകരിച്ചു. തുടർന്ന് 2026 ജനുവരി 19 ന് കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധികരിച്ചു. അറുപത് ദിവസത്തെ അപ്പീൽ സമയവും നൽകി. ഇക്കാലയളവിൽ ലഭിച്ച പരാതികൾ പരിഹരിച്ച ശേഷമാണ് 2026 മെയ് 23 ന് അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിരിക്കുന്നത്.നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. ഇതോടെ എടതിരിഞ്ഞി വില്ലേജിലെ പതിനായിരത്തോളം വരുന്ന ഭൂവുടമകൾ നേരിട്ടിരുന്ന വിഷയത്തിന് പരിഹാരമായിരിക്കുകയാണ്. ഉയർന്ന ന്യായവില മൂലം ക്രയവിക്രയങ്ങൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഭൂവുടമകൾ.















