ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം; താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം മോഷ്ടാക്കൾ കവർന്നു.

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം. താലിമാല അടക്കം ഒൻപത് പവൻ സ്വർണ്ണം നഷ്ടപ്പെട്ടു. തളിയക്കോണം ചകിരിക്കമ്പനിക്ക് അടുത്ത് താമസിക്കുന്ന പാണപ്പറമ്പിൽ ബിജേഷിൻ്റെ ഭാര്യയും നാല്പത്തിയൊന്നാം വാർഡ് കൗൺസിലറുമായ വിമി ബിജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച എസ് എൻ ക്ലബ് ഹാളിൽ നടന്ന സഹോദരിയുടെ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് ശേഷം അലമാരിയിൽ വച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. അലമാരി പൂട്ടിയിരുന്നുവെങ്കിലും ചാവി അലമാരിയിൽ നിന്ന് മാറ്റി വയ്ക്കാൻ വിട്ടുപോയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്ത് പോയി തിരിച്ച് വന്നപ്പോൾ പുറകിലെ വാതിൽ തുറന്ന് കിടക്കുന്നതായി കണ്ടെത്തിയിരുന്നു . ചൊവ്വാഴ്ച രാത്രി ഭർത്താവിൻ്റെ മോതിരം അലമാരിയിൽ എടുത്ത് വയ്ക്കാൻ തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലാക്കിയത്. വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Please follow and like us: