ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവിൽ പരിഹാരം

വിമർശനങ്ങളെ തുടർന്ന് ബൈപാസ് റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ ഇടപെട്ട് നഗരസഭ; ജലമൊഴുക്കിന് തടസ്സം സൃഷ്ടിച്ച മണ്ണ് നീക്കം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ കാട്ടൂർ ബൈപ്പാസ് റോഡിൽ വെള്ളക്കെട്ടിന് കാരണമായ നിർമ്മാണ പ്രവർത്തനം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. ബൈപ്പാസ് റോഡിൽ വസ്ത്ര വ്യാപാരശാലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്കിൻ്റെ വെള്ളം ഒഴുകിപ്പോകുന്ന കവാടം ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് ബൈപ്പാസ് റോഡിലും റോഡിനോട് ചേർന്ന പറമ്പുകളിലും വെള്ളക്കെട്ടിന് കാരണമായിരുന്നു. പരാതിയെ തുടർന്ന് നഗരസഭ സ്ഥലമുടമ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ ചക്കച്ചാംപറമ്പിൽ ആൻ്റണിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും വെള്ളമൊഴുക്കിന് തടസ്സം സൃഷ്ടിച്ച നിർമ്മാണ പ്രവർത്തനം പൊളിച്ച് നീക്കിയിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമാവുകയും പറമ്പിൽ മലിനജലം കെട്ടി നിന്ന് ബൈപ്പാസ് റോഡ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ആവുകയായിരുന്നു. വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വെള്ളമൊഴുക്കിന് തടസ്സം സൃഷ്‌ടിച്ചിരുന്ന മണ്ണ് ശനിയാഴ്ച രാവിലെ തന്നെ നീക്കം ചെയ്യുകയായിരുന്നു. ഇതിൻ്റെ ചിലവ് സ്വകാര്യ വ്യക്തിയിൽ നിന്നും ഈടാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സി വർഗ്ഗീസ്, വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ , മുൻ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ, നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ അധികൃതർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: