എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു

എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു

 

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യു പുനർനിർണയിച്ച് കൊണ്ടുള്ള അന്തിമ വിജ്ഞാപനം നീളുന്നു . കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് അറുപത് ദിവസത്തെ അപ്പീൽ സമയം ഈ മാസം 10 ന് പൂർത്തിയായെങ്കിലും ന്യായവില വിഷയത്തിന് ശാശ്വത പരിഹാരമായിട്ടുള്ള അന്തിമ വിജ്ഞാപനത്തിൻ്റെ കാര്യത്തിലേക്ക് റവന്യൂ അധികൃതർ ഇത് വരെ കടന്നിട്ടില്ല. തിരഞ്ഞെടുപ്പും പ്രോട്ടോക്കോളും ഫെയർ വാല്യു പുനർനിർണ്ണയ നടപടികൾക്ക് തടസമാകില്ലെന്നാണ് നേരത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട തിരക്കുകളാണ് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള കാലതാമസത്തിൻ്റെ കാരണമായി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. 2010 ൽ എടതിരിഞ്ഞി വില്ലേജിൽ ന്യായവില വിജ്ഞാപനം പ്രകാരം നിശ്ചയിച്ച ന്യായവില ഭൂമിയുടെ യഥാർഥ ന്യായവിലയെക്കാൾ ഉയർന്നതാണെന്ന വിമർശനം ഉയരുകയും ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുകയും പടിയൂർ പഞ്ചായത്ത് വിഷയത്തെ ചൊല്ലി സമരവേദി ആവുകയും ചെയ്തതോടെയാണ് ന്യായവില പുനർനിർണ്ണയിക്കാൻ ആർഡിഒ വിനെ ചുമതലപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവായതും മാസങ്ങൾ നീണ്ട നടപടിക്രമങ്ങളിലൂടെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചതും. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇവ പരിശോധിച്ചതിന് ശേഷം മെയ് 15 ഓടെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് റവന്യൂ കേന്ദ്രങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്.

Please follow and like us: