ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന്

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന്

ഇരിങ്ങാലക്കുട : സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടമാണ് 31 -ാം നമ്പർ ക്രൈസ്റ്റ് കോളേജ് വാർഡിൽ . 5000 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജ്, 1500 ഓളം വിദ്യാർഥികൾ എത്തിച്ചേരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രതീക്ഷാ ഭവൻ, അൽവേർണിയ കോൺവെൻ്റ്, രണ്ട് അംഗൻവാടികൾ എല്ലാം ഉൾപ്പെടുന്ന വാർഡിന് ഏറെയാണ് പ്രാധാന്യം. തകർന്ന് കിടക്കുന്ന റോഡുകളുടെ പേരിൽ എറെ സമരങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ വാർഡ് സാക്ഷിയായെന്നതും ചരിത്രം .

ദീർഘകാലമായി യുഡിഎഫിൻ്റെ നിയന്ത്രണത്തിലുള്ള വാർഡ് നിലനിറുത്താനായി റോണി പോൾ മാവേലിയെയാണ് കോൺഗ്രസ്സ് അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ അധ്യാപിക, ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗത്തിൽ കരിയർ കൗൺസിലർ, മൂന്ന് ജില്ലകളിലായിട്ടുള്ള ലയൺസ് ഡിസ്ട്രിക്റ്റ് വനിതാ വിംഗ് പ്രസിഡണ്ട്, ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സിൻ്റെ സംഘാടക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്ഥാനാർഥി വാർഡിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ ജനങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഎഫിൻ്റെ പ്രകടന പത്രികയ്ക്ക് അനുസ്യതമായി നഗരസഭയുടെ സമഗ്ര വികസനത്തിന് ശ്രമങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം വാർഡിലെ വയോജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക്, യാത്രകൾ, കാനകളുടെ ശുചീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും ഉറപ്പ് നൽകുന്നു.

റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി, കുടുംബശ്രീ വാർഡ് പ്രസിഡണ്ട്, അൽവേർണിയ കുടുംബ യൂണിറ്റ് പ്രസിഡണ്ട്, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മെഡാലിൻ റിജോവിനെയാണ് വാർഡ് പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളത്. വർഷങ്ങൾ ആയുള്ള യുഡിഎഫ് ഭരണത്തിൻ്റെ ഗുണം വാർഡിന് ലഭിച്ചിട്ടില്ലെന്നും കുടിവെള്ള ക്ഷാമം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കുന്നു.

വാർഡിൻ്റെ സാന്നിധ്യമാകാൻ ജ്യോതി മധുസൂദനയെയാണ് ബിജെപി സ്ഥാനാർഥി ആക്കിയിട്ടുള്ളത്. വികസന വിഷയത്തിൽ വാർഡിന് ആവശ്യമായ പരിഗണന കിട്ടിയിട്ടില്ലെന്നും കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ സാധ്യതകൾ ഉപയോഗിക്കാൻ ശ്രമിക്കുമെന്നും സ്ഥാനാർഥി സൂചിപ്പിക്കുന്നു.

സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക പ്രതിനിധി അംഗം, റെസിഡൻസ് അസോസിയേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പ്രീതി ഷാജു കണ്ടംകുളത്തി സ്വതന്ത്ര സ്ഥാനാർഥി ആയി രംഗത്തുണ്ട്. കുഴികൾ ഇല്ലാത്ത റോഡുകൾ, വാർഡിലെ പാർക്കിൽ ഓപ്പൺ ജിം, പാറപ്പുറം കുളത്തിൻ്റെ സംരക്ഷണം, ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ 15 ആവശ്യങ്ങൾ അടങ്ങിയ വികസനരേഖ സ്വതന്ത്ര സ്ഥാനാർഥി മുന്നോട്ട് വച്ചു കഴിഞ്ഞു.

രണ്ട് വട്ടം പ്രചരണപ്രവർത്തനങ്ങളും സ്ഥാനാർഥികൾ പൂർത്തിയാക്കി കഴിഞ്ഞു. 1100 ഓളം വോട്ടർമാരാണ് വാർഡിൽ ഉള്ളത്.

Please follow and like us: