ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ഘടകകക്ഷിക്ക് അനുവദിച്ച സീറ്റുകളിൽ മൽസരിക്കാനൊരുങ്ങി കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ഘടകകക്ഷിക്ക് അനുവദിച്ച വാർഡുകളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ; മുന്നണി മര്യാദയല്ലെന്നും കോൺഗ്രസ്സ് നേതൃത്വം ഇടപെട്ട് ഇവരെ പിൻവലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ

 

ഇരിങ്ങാലക്കുട : ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് മൽസരിക്കുന്ന വാർഡുകളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കേരള കോൺഗ്രസ്സിന് അനുവദിച്ചിട്ടുള്ള വാർഡ് 18 ചന്തക്കുന്നിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടും പത്ത് വർഷത്തോളം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമായിരുന്ന ജോസഫ് ചാക്കോയാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. കേരള കോൺഗ്രസ്സ് അവതരിപ്പിച്ചിരിക്കുന്ന സ്ഥാനാർഥിക്ക് മികവ് കുറവാണെന്നും വാർഡ് നഷ്ടപ്പെടാതിരിക്കാനായി വാർഡ് കമ്മിറ്റിയുടെ സമ്മർദ്ദത്തിൻ്റെ അടിസ്ഥാനത്തിലാണ് മൽസരിക്കുന്നതെന്നും കോൺഗ്രസ്സ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ടൗൺ സഹകരണ ബാങ്ക് മാനേജർ കൂടിയായ ജോസഫ് ചാക്കോ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തവണ ജോസഫ് ചാക്കോ വാർഡ് 12 ൽ സ്വതന്ത്ര്യ സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു.

കേരള കോൺഗ്രസ്സിന് അനുവദിച്ചിട്ടുള്ള വനിതാ സംവരണ വാർഡ് 15 മുനിസിപ്പൽ ആശുപത്രി വാർഡിൽ നിലവിലെ ഭരണകക്ഷി അംഗവും കോൺഗ്രസ്സ് മണ്ഡലം വൈസ്- പ്രസിഡണ്ടുമായ ബിജു പോൾ അക്കരക്കാരൻ്റെ ഭാര്യ സുജ ബിജുവും സ്വതന്ത്ര സ്ഥാനാഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു കഴിഞ്ഞു.

 

അതേ സമയം കേരള കോൺഗ്രസ്സിന് ഒഴിച്ചിട്ടിട്ടുള്ള സീറ്റുകളിൽ കോൺഗ്രസ്സ് പ്രവർത്തകർ മൽസരിക്കുന്നത് മുന്നണി മര്യാദയല്ലെന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ കോൺഗ്രസ്സ് നേതൃത്വം രണ്ട് സീറ്റുകളിൽ കേരള കോൺഗ്രസ്സ് മൽസരിക്കുമെന്ന് വ്യക്തമാക്കിയതാണെന്നും നേതൃത്യം ഇടപെട്ട് ഇവരെ പിൻവലിപ്പിക്കുമെന്നാണ് കരുതുന്നതെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ പ്രതികരിച്ചു.

Please follow and like us: