ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അധിക സീറ്റ് വിഷയത്തിൽ സിപിഎം – സിപിഐ ചർച്ചകൾ വഴി മുട്ടിയ അവസ്ഥയിൽ; എൻഡിഎ യിലും ബിഡിജെഎസുമായുള്ള ചർച്ച നീളുന്നു.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലാതെ മുന്നണികൾ . രണ്ട് സീറ്റ് വർധിച്ച സാഹചര്യത്തിൽ അധിക സീറ്റ് എന്ന ആവശ്യം സിപിഐ ഉയർത്തിയെങ്കിലും മൂന്ന് റൗണ്ട് ചർച്ചകൾക്ക് ശേഷവും പരിഹാരമായിട്ടില്ല. ഇതേ ചൊല്ലി നിയോജക മണ്ഡലത്തിലെ എൽഡിഎഫിലെ സീറ്റ് ചർച്ചകൾ തന്നെ വഴി മുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ തവണ നഗരസഭയിൽ സിപിഐയ്ക്ക് പത്ത് സീറ്റാണ് ലഭിച്ചത്. ഇതിൽ അഞ്ച് സീറ്റിലാണ് വിജയം കണ്ടെത്തിയത്. സിപിഎം 26 ൽ മൽസരിച്ച് 11 സീറ്റിലുമാണ് വിജയിച്ചത്. കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം , ആർജെഡി എന്നീ കക്ഷികൾ രണ്ട് സീറ്റിൽ വീതവും ജെഡി സെക്കുലർ ഒരു സീറ്റിലുമാണ് മൽസരിച്ചത്. പൂമംഗലം, കാട്ടൂർ, പടിയൂർ, കാറളം എന്നീ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ചർച്ചകളെയും നഗരസഭയിലെ അധിക സീറ്റ് ചർച്ച ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. അഭിപ്രായ ഭിന്നതകളെ തുടർന്ന് പൂമംഗലം പഞ്ചായത്തിൽ കഴിഞ്ഞ തവണ സിപിഐ തനിച്ചാണ് മൽസരിച്ചത്. ഇത്തവണ രണ്ട് സീറ്റ് ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടണമെന്ന ആവശ്യവും സിപിഐ ഉന്നയിച്ച് കഴിഞ്ഞതായിട്ടാണ് സൂചന. പിഎം ശ്രീ വിഷയത്തിൽ സിപിഎമ്മിനേറ്റ ക്ഷീണം പ്രാദേശികതലത്തിൽ തീർക്കുകയാണെന്ന വികാരവും സിപിഐക്കുണ്ട്.
ഭരണ കക്ഷിയായ യുഡിഎഫിൽ കേരള കോൺഗ്രസ്സും അധിക സീറ്റ് എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ചകൾ ഒന്നും ഇത് വരെ നടന്നിട്ടില്ല. കൂടുതൽ സീറ്റ് ലഭിച്ചില്ലെങ്കിലും കടുത്ത നിലപാടുകളിലേക്ക് കേരള കോൺഗ്രസ്സ് പോകാൻ ഇടയില്ല. വാർഡ് 15 മുനിസിപ്പൽ ആശുപത്രി, വാർഡ് 18 ചന്തക്കുന്ന് എന്നീ രണ്ട് വാർഡുകളിലാണ് കേരള കോൺഗ്രസ്സ് മൽസരിക്കുന്നത്. ഇവിടെ സ്ഥാനാർഥി നിർണ്ണയവും പൂർത്തിയായിട്ടില്ല.
നഗരസഭ ഭരണം ലക്ഷ്യമിടുന്ന എൻഡിഎ യിലും ഘടക കക്ഷിയായ ബിഡിജെഎസുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസ് രണ്ട് സീറ്റിലാണ് മൽസരിച്ചത്. വാർഡ് നമ്പർ 9 കുഴിക്കാട്ടുക്കോണം ജനറൽ വാർഡ് അനുവദിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസ് മുന്നോട്ട് വച്ചിട്ടുള്ളത്. ബ്ലോക്കിലും പടിയൂർ പഞ്ചായത്തിലും സീറ്റുകൾ വേണമെന്ന ആവശ്യവും ബിഡിജെഎസ് മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ചർച്ചകൾ എവിടെയും എത്തിയിട്ടില്ല.















