തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യവികസന മുന്നണിയും; വാർഡ് 31 ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് വികസന മുന്നണി ; എൻഡിഎ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ; യുഡിഎഫ്, എൽഡിഎഫ് മുന്നണി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യ വികസന മുന്നണിയും. വാർഡ് 31 ൽ ( ക്രൈസ്റ്റ് കോളേജ് ) ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് കൊണ്ട് വികസന മുന്നണി പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. വനിതാ വാർഡിൽ എം കോം ബിരുദധാരിയായ പ്രീതി ഷാജു കണ്ടംകുളത്തിയെ അവതരിപ്പിച്ച് കൊണ്ട് സ്ക്വാഡ് പ്രവർത്തനങ്ങൾ രണ്ട് ദിവസം മുന്നേ തന്നെ മുന്നണി ആരംഭിച്ചു കഴിഞ്ഞു. വാർഡിൽ ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാർഡിലെ റോഡുകളുടെ തകർച്ചയും വെള്ളക്കെട്ടും വിഷയങ്ങളോടുള്ള പ്രമുഖ മുന്നണികളുടെ നിസ്സംഗതയുമാണ് സ്ഥാനാർഥിയെ അവതരിപ്പിക്കാനുള്ള കാരണമായി വികസന മുന്നണി ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫിന് മേധാവിത്വം ഉള്ള വാർഡാണിത്. കൂടുതൽ വാർഡുകളിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാൻ വികസന മുന്നണി ലക്ഷ്യമിടുന്നുണ്ട്.
സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപി മുന്നിൽ എത്തിക്കഴിഞ്ഞു. വാർഡ് മാനേജ്മെൻ്റ് കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ മണ്ഡലതലത്തിലുള്ള ചർച്ചകൾക്ക് ശേഷം ജില്ലയിലേക്ക് നൽകിക്കഴിഞ്ഞു. ആകെയുള്ള 43 വാർഡുകളിൽ എതാനും വാർഡുകളിൽ നിന്ന് മാത്രമാണ് നിർദ്ദേശങ്ങൾ ലഭിക്കാനുള്ളത്. ഘടകകക്ഷിയായ ബിഡിജെഎസ് കഴിഞ്ഞ തവണ മൂന്ന് സീറ്റുകളിൽ മൽസരിച്ചിരുന്നു. മണ്ഡലത്തിൽ ബിഡിജെഎസിൻ്റെ പ്രവർത്തനങ്ങൾ സജീവമല്ലെങ്കിലും കഴിഞ്ഞ തവണ മൽസരിച്ച മൂന്ന് സീറ്റുകൾ ഘടകകക്ഷിക്ക് നൽകുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ എൻഡിഎ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചേക്കും. നിലവിലെ ബിജെപി പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം പേരും സാധ്യത പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജനറൽ വാർഡുകളിൽ വനിതകളെയും ബിജെപി പരിഗണിക്കുന്നുണ്ട്.
ഭരണകക്ഷിയായ യുഡിഎഫിലും സ്ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്. വാർഡ് തലങ്ങളിലുള്ള നിർദ്ദേശങ്ങൾ ബുധനാഴ്ച മണ്ഡലം കമ്മിറ്റികൾ ചർച്ച ചെയ്തേക്കും. ഘടകക്ഷിയായ കേരള കോൺഗ്രസ്സ് കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ച തൃശ്ശൂരിലാണ് നടക്കുക. 43 ൽ 24 ഉം സംവരണ പ്പട്ടികയിൽ ഇടം പിടിച്ച സാഹചര്യത്തിൽ ജനറൽ വാർഡുകളിൽ സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്ന നയമാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഈയാഴ്ച തന്നെ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.
എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് യോഗങ്ങൾ നടന്ന് വരികയാണ്. നഗരസഭയിലേക്ക് അധിക സീറ്റ് എന്ന ആവശ്യം സിപിഐ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ രണ്ട് റൗണ്ട് ചർച്ചകൾക്ക് ശേഷവും ധാരണ ആയിട്ടില്ല . സീറ്റ് വച്ച് മാറാനുള്ള സാധ്യത കുറവാണെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേ സമയം ജനറൽ വാർഡുകളിലേക്ക് ജയസാധ്യത നോക്കി സ്ത്രീകളെയും യുവാക്കളെയും എൽഡിഎഫ് പരിഗണിച്ചേക്കും . തർക്കങ്ങൾ പരിഹരിച്ച് ഈയാഴ്ച തന്നെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് എൽഡിഎഫും ലക്ഷ്യമിടുന്നത്.















