കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്
ഇരിങ്ങാലക്കുട :കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്ടീര ഓർഡറിലെ
എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവക്ക് കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്ന് ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന
പാൻഗോര നിശാശലഭ ജനുസ്സിൽ ഇതുവരെ നാല് ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916 ന് ശേഷം ആദ്യമായാണ് ഈ ജനുസ്സിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാൽ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേർണൽ ഓഫ് ഏഷ്യ-പസഫിക് ബയോഡൈവേഴ്സിറ്റി യുടെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൻ്റെമോ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥിയായ ആദർശ് പികെ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. കേന്ദ്ര ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനമായ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പൂനയിലെ ശാസ്ത്രജ്ഞൻ ഡോ. കെ പി ദിനേശ്, ഗവേഷക എ. ശബ്നം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് സില്ലി എന്നിവരും ഈ കണ്ടെത്തലിൽ പങ്കാളികളാണ്. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളേജിലെ എൻ്റെമോ ടാക്സോണമി ലാബ് നിശാശലഭങ്ങളെയും അവയുടെ മുട്ട, ലാർവ, പ്യൂപ്പ എന്നീ വളർച്ച ഘട്ടങ്ങളിൽ അവയെ ആക്രമിക്കുന്ന പരാദങ്ങളുടെയും പഠനത്തിന് ഊന്നൽ നൽകുന്നുണ്ട്