ഠാണ ചന്തക്കുന്ന് വികസനം ;
പുനരധിവാസ പാക്കേജ് ഹിയറിംഗ് ഫെബ്രുവരി 4 ന് …

ഇരിങ്ങാലക്കുട : ഠാണ ചന്തക്കുന്ന് വികസന പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണ്ണമായി നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ആർ ആർ ഹിയറിംഗ് ഫെബ്രുവരി 4 ന് നടക്കും.
പാർക്ക് റോഡ് ലയൺസ് ക്ലബ് ഹാളിൽ രാവിലെ 9.30 മുതലാണ് ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമായിരിക്കും ഹിയറിംഗ് നടപടികൾ പൂർത്തീകരിക്കുക. ഹിയറിങ്ങിന്റെ ഭാഗമായി നോട്ടീസ് ലഭിക്കാത്ത പുനരധിവാസത്തിന് അർഹരായവർക്കും മതിയായ രേഖകൾ സഹിതം ആർ ആർ ഹിയറിംഗിൽ പങ്കെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.
റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുന്നത്. സംസ്ഥാനപാതയിൽ കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. ഇതിനായി ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതോടെ പൂർത്തീകരിക്കപ്പെടുന്നത് -മന്ത്രി ഡോ ആർ ബിന്ദു പത്രക്കുറിപ്പിൽ അറിയിച്ചു.















