മോഷണം പോയ സൈക്കിൾ  സഹോദരങ്ങൾ  അന്വേഷിച്ച് കണ്ടെത്തി…

മോഷണം പോയ സൈക്കിൾ  സഹോദരങ്ങൾ  അന്വേഷിച്ച് കണ്ടെത്തി…

മാള: മോഷണം പോയ സൈക്കിൾ സഹോദരങ്ങൾ കണ്ടെത്തി.അന്നമനട മേലഡൂരിൽ താമസിക്കുന്ന താണിക്കൽ വീട്ടിൽ സുദേവിന്റെ (16) സൈക്കിൾ ഇക്കഴിഞ്ഞ ജൂൺ മാസം വീടിന്  മുന്നിൽ നിന്നും മോഷണം പോയിരുന്നു.
പാലിശ്ശേരി സ്കൂളിൽ കോമേഴ്സ് വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് സുദേവ്.
മേലഡൂരിൽ നിന്നും സ്കൂളിലേക്ക് സ്ഥിരമായി സൈക്കിളിലാണ് പോയിരുന്നത്.അന്നമനട യുഎഫ് എസ് സി വോളി ബോൾ ക്ലബിന്റെ പ്രധാന താരം കൂടിയാണ് സുദേവ്.

സൈക്കിൾ മോഷണം പോയതോടെ കുട്ടി മാനസികമായി വിഷമിക്കുകയും സ്കൂളിലും , റ്റ്യൂഷനും, വോളിബോൾ പരിശീലനത്തിനും മറ്റും  പോകാൻ വളരെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.
തന്റെ ആദ്യ വാഹനമായ സൈക്കിളിനെ
എല്ലാ ദിവസവും തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് സുദേവിന്റെ ശീലം.
കുട്ടിയുടെ വിഷമം മനസ്സിലാക്കി മോഷണം പോയ സൈക്കിളിനു പകരം പുതിയതായി മറ്റൊരു സൈക്കിൾ  വാങ്ങി നൽകാമെന്ന് അച്ഛൻ പൊതുപ്രവർത്തകനായ സന്തോഷ് താണിക്കൽ മകനോട് പറഞ്ഞെങ്കിലും  തനിക്ക് തൻ്റെ സൈക്കിൾ തന്നെ വേണമെന്നും  മോഷണം പോയ സൈക്കിൾ കണ്ടെത്താൻ 6 മാസം സമയം വേണമെന്നും  എന്നിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലങ്കിൽ മാത്രം പുതിയ സൈക്കിൾ വാങ്ങിയാൽ മതിയെന്നും മകൻ അച്ഛനോട് പറഞ്ഞു.  തുടർന്ന്  അനിയൻ സൂര്യദേവ് (14),  അനിയത്തി ശ്രദ്ധാദേവ് ( 12 ) എന്നിവരൊന്നിച്ച് എല്ലാ ദിവസവും മോഷണം പോയ സൈക്കിൾ കണ്ടെത്താൻ മൂന്നംഗ അന്വേഷണ സംഘം  സമീപ പ്രദേശങ്ങളിലെ സ്കൂൾ പരിസരങ്ങളിലും, ട്യൂ ഷൻ സെന്ററുകളിലും, മൈതാനങ്ങളിലും മറ്റും  അന്വേഷണങ്ങൾ തുടർന്നു.

അന്വേഷണത്തിനൊടുവിൽ ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി അന്നമനടയിൽ വച്ച് ഒരു കൗമാരക്കാരൻ ചവിട്ടി പോകുന്ന തന്റെ  സൈക്കിൾ സുദേവിന്റെ  ശ്രദ്ധയിൽ പെട്ടു. തന്റെ സൈക്കിളുമായി സാമ്യം തോന്നിയെങ്കിലും ഈ സൈക്കിളിന്റെ സീറ്റ് , ഹാൻഡിൽ , സ്റ്റിക്കറുകൾ  എന്നിവയിലും മാറ്റം കണ്ടു.
എന്നാൽ ഈ സൈക്കിൾ അൽപ്പ ദൂരം ചവിട്ടി നോക്കിയപ്പോൾ ഇത് തന്റെ സൈക്കിൾ തന്നെയാണെന്ന് ഉറപ്പു വരുത്തുകയായിരുന്നു.കൗമാരക്കാരനോട് സൈക്കിളിന്റെ ഉടമസ്ഥനെക്കുറിച്ച് ചോദിച്ചപ്പോൾ വെണ്ണൂരിലുള്ള സുഹൃത്തിന്റെ യാണ് സൈക്കിളെന്ന് പറഞ്ഞു. ഉടനെ സുദേവ് സൈക്കിളിന്റെ പുതിയ ഉടമയെ കണ്ടെത്തി വിശദമായി ചോദിച്ചപ്പോൾ താൻ രണ്ടു മാസം മുൻപ് കല്ലൂരിലെ  സ്ക്രാപ്പ് കച്ചവടക്കാരനിൽ  നിന്നും സെക്കൻ്റ് ഹാന്റായി വാങ്ങിയതാണെന്ന് പറഞ്ഞതിൻപ്രകാരം കല്ലൂരിലെ വിൽപ്പനക്കാരനെ കണ്ടെത്തി.

പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരാൾ സൈക്കിൾ വിൽപ്പനക്കായി കൊണ്ടുവന്നതാണെന്നും ആളുടെ വിലാസം  അറിയില്ലന്നും മോഷണ മുതലാണെന്ന്  അറിയില്ലെന്നും മറ്റും പറഞ്ഞ് ക്ഷമ ചോദിച്ചു.മോഷണം പോയ സൈക്കിൾ  കണ്ടെത്തിയ  കുട്ടികളെ നാട്ടുകാർ അഭിനന്ദിച്ചു.

Please follow and like us: