അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി…

അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി…

ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ പ്രധാന മുദ്രയായി നിലകൊള്ളുന്ന അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതും സാമ്പത്തിക സഹായം നല്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇക്കാര്യങ്ങൾ സംസ്ക്കാരികവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും തുടർ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. അമ്മന്നൂർ ചാച്ചു ചാക്യാർ ഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 1 മുതൽ 12 വരെയായി നടത്തുന്ന 35-മത് കൂടിയാട്ട മഹോൽസവം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻ്റെ പാരമ്പര്യ നാടകവേദിയായ കൂടിയാട്ടത്തിനും കൂത്തിനും സാമൂഹ്യ പിന്തുണയും സാമ്പത്തിക പിൻബലവും നല്കി സംരക്ഷിക്കുന്നതിൽ സമൂഹത്തിനും അധികാര കേന്ദ്രങ്ങൾക്കും പലപ്പോഴും കഴിയുന്നില്ല എന്നത് വസ്തുതയാണ്. ക്ലാസ്സിക്കൽ കലാരൂപങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തലത്തിലേക്ക് ജനങ്ങളുടെ ആസ്വാദനശേഷിയിൽ പരിവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം കലകളെ സാമാന്യ ജനത്തിന് പരിചയപ്പെടുത്തുവാനും സാങ്കേതിക ജ്ഞാനം പകരാനുമുള്ള ശ്രമങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് – ചാൻസലർ ഡോ. ടി കെ നാരായണൻ, കൂടിയാട്ട കുലപതി വേണുജി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ഗുരുകുലം പ്രസിഡണ്ട് അമ്മന്നൂർ കുട്ടൻ ചാക്യാർ, സെക്രട്ടറി കലാമണ്ഡലം നാരായണൻ നമ്പ്യാർ, വൈസ് പ്രസിഡണ്ട് കലാമണ്ഡലം രാജീവ്, കഥകളി ക്ലബ് സെക്രട്ടറിരമേശൻ നമ്പീശൻ, ഗുരുകുലം ജോയിൻ്റ് സെക്രട്ടറി കപില വേണു എന്നിവർ സംസാരിച്ചു.

Please follow and like us: