ഠാണാ ചന്തക്കുന്ന് വികസനത്തിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വച്ചതിൽ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും പ്രതിഷേധം
ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വച്ചതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും പ്രതിഷേധം. നിശ്ചിത അജണ്ടകളുടെ ചർച്ചയ്ക്ക് മുമ്പായി ബിജെപി അംഗങ്ങൾ വിഷയത്തിൽ പ്രതിഷേധവുമായി എഴുന്നേല്ക്കുകയായിരുന്നു. നിരവധി പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം നടപ്പിലാക്കിയ പദ്ധതി സ്വാർത്ഥ താല്പര്യങ്ങളുടെ പേരിൽ ഒരു വികാരിയും ഏതാനും പേരും ചേർന്ന് തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണെന്നും വികസനത്തിന് എതിരായി പ്രവർത്തിക്കുന്നവരെ തുറന്ന് കാണിക്കണമെന്നും ഡിവൈഡർ നിർമ്മാണവും റോഡ് പണിയും അടിയന്തരമായി പൂർത്തികരിക്കണമെന്നും മത പുരോഹിതർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു. വിഷയത്തിൽ നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും പണികൾ നിറുത്തി വയ്ക്കാൻ ചേർന്ന എംഎൽഎ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർമാനും പങ്കെടുത്തിട്ടുണ്ടെന്നും പൊന്നും വിലയ്ക്ക് എടുത്ത ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് അംഗങ്ങളായ പി വി ശിവകുമാർ, സി സി ഷിബിൻ, കെ എസ് പ്രസാദ് എന്നിവരും ആവശ്യപ്പെട്ടു. വിഷയത്തിൽ എല്ലാ എൽഡിഎഫ് അംഗങ്ങളും സംസാരിക്കേണ്ടതില്ലെന്ന് ചെയർമാൻ പറഞ്ഞതിനെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ ചെയർമാന് പറയാൻ അവസരം നൽകണമെന്ന് ഭരണകക്ഷി അംഗങ്ങളായ അഡ്വ വി സി വർഗ്ഗീസ്, ബൈജു കുറ്റിക്കാടൻ എന്നിവർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കുറച്ച് നേരത്തേക്ക് വാഗ്വാദവുമുണ്ടായി. കെഎസ്ടിപി യുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പരിമിതിയുണ്ടെന്നും കെഎസ്ടിപി യുടെ ഡിപിആറിൽ മാറ്റം വരുത്താൻ നഗരസഭക്ക് കഴിയില്ലെന്നും തൻ്റെ പാർട്ടിയുടെ നിലപാട് കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതി യോഗത്തിൽ ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി വ്യക്തമാക്കിയതാണെന്നും എംഎൽഎ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിഷയത്തിൽ ഉള്ള പരാതികൾ കേൾക്കുകയായിരുന്നുവെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരും വിദഗ്ധ എജൻസികളുമാണെന്നും ചെയർമാൻ മറുപടി നൽകി.
യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു















