ഓപ്പറേഷൻ തൂഫാനിൽ ആവേശമായി വനിതാ വടംവലി; കരുത്ത് കാട്ടി ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട : ആവേശം വാനോളം ഉയർന്ന വടംവലി മത്സരത്തിൽ കരുത്തും ഒത്തൊരുമയും കൈമുതലാക്കി ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും തൃശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ വടംവലി മത്സരത്തിന്റെ ഫൈനലിൽ സെന്റ് ജോസഫ്സ് കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടിയത്. തൃശൂർ റൂറൽ ജില്ലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സി.എസ്. സിനോജ് മത്സരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.കെ. ഷാജി അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സി. ബ്ലെസി മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി. എം.കെ. ഷാജി, എസ്.ഐ. ഇ.യു. സൗമ്യ, വനിതാ എസ്.ഐ. ജിബിഷ കെ.പി., ജനമൈത്രി സമിതി അംഗം ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട സബ് ഡിവിഷൻ വനിതാ പോലീസ് ടീം, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം, സി.ഡി.എസ്. ഇരിങ്ങാലക്കുട, മാള ഹോളി ഗ്രേസ് കോളേജ്, ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്, ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്സ് കോളേജ് എന്നിവയുൾപ്പെടെ എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.















