ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സ്വാതന്ത്ര്യദിനത്തിൽ സംഘർഷവേദിയായി നഗരസഭ അങ്കണം
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ സംഘർഷം. പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം നഗരസഭ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകാൻ എത്തിയ നിക്ഷേപകരെ പോലീസ് തടഞ്ഞതാണ് സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസ് പരിസരത്തെ സംഘർഷവേദി ആക്കിയത്. നഗരസഭ ഓഫീസിന് മുന്നിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കഴിഞ്ഞതോടെ ദേശീയ പതാകകളുമേന്തിയാണ് നിക്ഷേപകർ എത്തിയത്. തങ്ങൾ സമരം നടത്താൻ എത്തിയതല്ലെന്നും എത്തിയതിൻ്റെ ലക്ഷ്യം നിക്ഷേപകർ വിവരിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. ഒരുമിച്ച് പോകാൻ കഴിയില്ലെന്നും അവധി ദിനമായത് കൊണ്ട് നഗരസഭ ഓഫീസിൽ ഉദ്യോഗസ്ഥർ ഉണ്ടാകില്ലെന്നുമുള്ള നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചത്. ഇതേ തുടർന്ന് പ്രകോപിതരായ നിക്ഷേപകർ നഗരസഭ ചെയർമാൻ കൂടിയായ ബാങ്ക് ഭരണസമിതി ചെയർമാൻ എം പി ജാക്സന് എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി . സ്വാതന്ത്ര്യദിനാഘോഷം പൂർത്തിയായിട്ടും എതാനും ഭരണകക്ഷി കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ഇതേ സമയം നഗരസഭ ഓഫീസിന് മുന്നിൽ നിന്നിരുന്നു. ഇതിനിടയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുമായി പോലീസ് നിക്ഷേപകരുടെ അടുത്തേക്ക് എത്തി . എന്നാൽ വഴിയിൽ വച്ച് നിവേദനം നൽകാൻ കഴിയില്ലെന്നും തടയുന്നതിൻ്റെ കാരണം പോലീസ് വ്യക്തമാക്കണമെന്നും അറസ്റ്റ് വരിക്കാൻ തങ്ങൾ തയ്യാറാണെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി. സ്ഥലത്ത് എത്തിയ നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാറിൻ്റെ ഇടപെടലിനെ തുടർന്ന് നിക്ഷേപകരെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് അകത്തേക്ക് പ്രവേശിക്കാമെന്ന ധാരണയാവുകയും സമിതി ഭാരവാഹികൾ ആരോഗ്യവിഭാഗത്തിൽ എത്തി നിവേദനം കൈമാറുകയുമായിരുന്നു. സ്ത്രീകൾ അടക്കം ഇരുനൂറോളം നിക്ഷേപകരാണ് സമാധാനപരമായി നഗരസഭ ഓഫീസിൽ എത്തിയത്. സമിതി പ്രസിഡണ്ട് പ്രിൻസ് മാത്യു , സെക്രട്ടറി ലിയോ പി ആൻ്റോ, ട്രഷറർ ടി സി സഞ്ജീവൻ, രക്ഷാധികാരി അഡ്വ ആൻ്റണി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.















