നിയന്ത്രണം വിട്ട ആളൂർ സെൻ്റ് ജോസഫ്സ് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു
ചാലക്കുടി : നിയന്ത്രണം വിട്ട സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളുമായി വീടുകളിലേക്ക് മടങ്ങുകയായിരുന്ന മിനി ബസ് താണിപ്പാറ വാഴക്കുന്ന് കനാൽ ബണ്ടിലേക്കാണ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റ കുട്ടികളെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലും പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല . 22 കുട്ടികളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. വിരലിന് പരിക്കേറ്റ ഒരു വിദ്യാർഥിയെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീതിക്കുറഞ്ഞതും ഇരുവശത്തും പുല്ല് നിറഞ്ഞതുമായ കനാൽ ബണ്ട് റോഡിലൂടെ സാധാരണ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് പോകാറുള്ളതെന്നും ബസ് ഡ്രൈവർ പുതിയതായി ജോലിയിൽ പ്രവേശിച്ച വ്യക്തിയാണെന്നും പറയുന്നു. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.















