ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകർന്ന ‘നാദ് മിലാപ്’
ഇരിങ്ങാലക്കുട: നാദോപാസന, ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ മാധവ നാട്യ ഭൂമി (അമ്മന്നൂർ ഗുരുകുലം)യിൽ സംഘടിപ്പിച്ച ‘നാദ് മിലാപ്’ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും മെഹ്ഫിലും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി. രാംപൂർ–സഹസ്വാൻ ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ പരിപാടിക്ക് നേതൃത്വം നൽകി.
രാവിലെ നടന്ന ഹിന്ദുസ്ഥാനി വോക്കൽ ശിൽപശാലയിൽ സംഗീതവിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഗീതാസ്വാദകർക്കുമായി രാഗങ്ങൾ, ആലാപ്, ബന്ദിഷ്, അവതരണശൈലി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും സംവാദവും നടന്നു.
വൈകിട്ട് നടന്ന മെഹ്ഫിലിൽ ഉസ്താദ് ഗുലാം നിയാസ് ഖാൻ സംഗീതാവതരണം നടത്തി. ഹാർമോണിയത്തിൽ ജയപ്രകാശ് കെ. ടി.യും തബലയിൽ അമിത് രാജ് എസ്സും അദ്ദേഹത്തെ അനുഗമിച്ചു.















