ഇരിങ്ങാലക്കുട നഗരസഭയിലെ ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നഗരസഭയിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയപ്പെട്ടിട്ടില്ലെന്നും കെ സ്മാർട്ട് സോഫ്റ്റ് വെയറിൻ്റെ അപാകതകളാണ് തട്ടിപ്പിന് കാരണമായതെന്നും മറ്റ് ഉദ്യോഗസ്ഥർ നിരപരാധികൾ ആണെന്നും ജീവനക്കാരൻ്റെ ആനുകൂല്യങ്ങൾ തടഞ്ഞും സ്വത്ത് വകകൾ റവന്യൂ റിക്കവറി നടത്തിയും നഷ്ടം നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭ പൊതുഭരണവിഭാഗത്തിൻ്റെ റിപ്പോർട്ട്
ഇരിങ്ങാലക്കുട : സാമ്പത്തിക തിരിമറിയിലൂടെ ഇരിങ്ങാലക്കുട നഗരസഭയുടെ ഒരു കോടിയോളം രൂപ നഗരസഭ ജീവനക്കാരൻ കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപൻ (55) കവർന്ന കേസിൽ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടിനെ ഖണ്ഡിച്ച് നഗരസഭ നഗരസഭയുടെ പൊതുഭരണവിഭാഗത്തിൻ്റെ മറുപടി . നഗരസഭയിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയപ്പെട്ടതാണ് സാമ്പത്തിക ക്രമക്കേടിന് കാരണമായതെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ വിലയിരുത്തൽ ശരിയല്ലെന്നും 2026 മാർച്ചിൽ 10 ദിവസം നടത്തിയ ഓഡിറ്റിൽ ക്രമക്കേട് കണ്ട് പിടിക്കാൻ ഓഡിറ്റ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ലെന്നും ഇരിങ്ങാലക്കുട നഗരസഭ ഒരു മാതൃക നഗരസഭ ആണെന്നും പ്രകീർത്തിച്ചിട്ടാണ് ഓഡിറ്റ് വിഭാഗം മടങ്ങിയതെന്നും നഗരസഭയിലെ പൊതുഭരണവിഭാഗം തയ്യാറാക്കിയ പ്രാഥമിക മറുപടിയിൽ പറയുന്നു. സാമ്പത്തിക ക്രമക്കേട് കണ്ട് പിടിച്ചത് നഗരസഭയിലെ തന്നെ അക്കൗണ്ടൻ്റിൻ്റെ നേതൃത്വത്തിലാണ്. കാഷ്യർ ത്രിദീപൻ നടത്തിയ കുറ്റകരമായ പ്രവൃത്തി കൊണ്ടും കെ- സ്മാർട് സോഫ്റ്റ് വെയറിൻ്റെ അപാകതകൾ കൊണ്ടുമാണ് . തുകകൾ അടയ്ക്കുന്നതിലെ പൊരുത്തക്കേടുകൾ കണ്ട് പിടിക്കാനുള്ള ടൂളും റിപ്പോർട്ടുകളും ലഭ്യമായത് 2025 ജൂലൈയിൽ മാത്രമാണ്. ക്രമക്കേട് കണ്ടെത്തിയപ്പോൾ തന്നെ അക്കൗണ്ടൻ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുകയും സെക്രട്ടറി ജോയിൻ്റ് ഡയറക്ടർ ഓഫീസ്, വിജിലൻസ്, പോലീസ് , ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗങ്ങളെ അറിയിച്ചിട്ടുള്ളതുമാണ്. ഒരു കാഷ്യർ നടത്തിയ സാമ്പത്തിക ക്രമക്കേടിന് മറ്റ് ഉദ്യോഗസ്ഥരായ അക്കൗണ്ടൻ്റ് , സൂപ്രണ്ട്, സെക്രട്ടറി എന്നീ നിരപരാധികളെ കുറ്റക്കാരായി കാണാൻ കഴിയില്ല. ആസൂത്രിത സാമ്പത്തിക കൊള്ള നടപ്പിലാക്കിയ ഇയാളുടെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ കണ്ട്കെട്ടിയും സ്വത്ത് വകകൾ റവന്യൂ റിക്കവറി നടത്തിയും നഗരസഭയ്ക്ക് ഉണ്ടായ നഷ്‌ടം നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന അറിയിപ്പോടെയാണ് മറുപടി അവസാനിക്കുന്നത്.















