ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ അധികൃതർക്ക് നിവേദനവുമായി പ്രദേശവാസികൾ; എതിർപ്പിന് പിന്നിൽ രാഷ്ട്രീയമെന്നും അസത്യപ്രചരണങ്ങളാണ് നടത്തുന്നതെന്നും നഗരസഭ വൈസ് – ചെയർപേഴ്സൺ
ഇരിങ്ങാലക്കുട : നഗരസഭയുടെ ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരം ആൽപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ നഗരസഭ ചെയർമാനും സെക്രട്ടറിക്കും വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സനും നിവേദനം നൽകി. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടിൽ ആകുന്ന സ്ഥലത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കുന്നത് മൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്നും ജനസാന്ദ്രതയുള്ള കക്കേരി ഉന്നതിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനമാകുമെന്നും പ്രസ്തുത സ്ഥലം നെൽവയലാണെന്നും ജനവാസ കേന്ദ്രങ്ങളിൽ നിന്നും 500 മീറ്റർ അകലെ മാത്രമേ ഷെൽട്ടർ സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന നിയമത്തിൻ്റെ ലംഘനമാണെന്നും ഇത് സംബന്ധിച്ച് ഈ മാസം 12 ന് കൗൺസിൽ എടുത്ത തീരുമാനം റദ്ദാക്കണമെന്നും നൂറോളം പേർ ഒപ്പിട്ട നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷെൽട്ടർ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അനുയോജ്യമായ സ്ഥലത്താണ് നടപ്പാക്കേണ്ടതെന്നും അനുകൂലമായ സമീപനമല്ല ചെയർമാൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തങ്ങളെ ബോധ്യപ്പെടുത്താൻ വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സൺ ശ്രമിച്ചില്ലെന്നും പ്രദേശവാസികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ പദ്ധതിയെക്കുറിച്ച് അസത്യ പ്രചരണങ്ങളാണ് ചിലർ നടത്തുന്നതെന്നും രാഷ്ട്രീയക്കളികൾ ആണെന്നും പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ആരംഭിക്കുന്നതിന് മുമ്പ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നുവെന്നും പറയാൻ വിചാരിച്ചപ്പോഴേക്കും പ്രദേശവാസികൾ ഇളകി മറിഞ്ഞുവെന്നും പദ്ധതിയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ചെയർമാൻ ആണെന്നും ജനങ്ങളുടെ ആശങ്ക അറിഞ്ഞിട്ട് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും പദ്ധതി പ്രദേശം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു . ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കും പ്രദേശവാസികൾ നിവേദനം നൽകിയിട്ടുണ്ട്















