കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നാശം; മരങ്ങൾ വീണ് രണ്ട് ട്രാൻസ്ഫോർകളും 45 ഓളം പോസ്റ്റുകളും 80 ഓളം കേന്ദ്രങ്ങളിൽ വൈദ്യുതി കമ്പികളും തകർന്നു; ജലവിതരണത്തിനും തടസ്സം; ഉൽസവ വേദിയിലും നാശം; കലാപരിപാടികൾ മാറ്റി വച്ചു
ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശം . വൈകീട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ തകർന്നും വൈദ്യുതി വിതരണം വൈകീട്ടോടെ മുടങ്ങി. കെഎസ്ഇബി നമ്പർ വൺ സെക്ഷന് കീഴിൽ മരങ്ങൾ വീണ് പതിനഞ്ച് എൽടി പോസ്റ്റുകളും 12 ഇടങ്ങളിൽ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. മുഴുവൻ നഷ്ടങ്ങളും നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങളിലാണ് അധികൃതർ.
കെഎസ്ഇബി നമ്പർ 2 സെക്ഷന് കീഴിൽ മരങ്ങൾ വീണ് മുല്ലക്കാട്, തുറവൻകാട് എന്നീ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന രണ്ട് ട്രാൻസ്ഫോർമറുകൾക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാറ്റിൽ മരങ്ങൾ 11 കെ വി പോസ്റ്റുകൾ 10 എണ്ണവും എൽടി പോസ്റ്റുകൾ 20 എണ്ണവും 75 ഓളം ഇടങ്ങളിൽ വൈദ്യുതി കമ്പികളും തകർന്നിട്ടുണ്ട്. മരങ്ങൾ വീണ് റോഡ് ഗതാഗതവും മുരിയാട് അടക്കമുള്ള പ്രദേശങ്ങളിൽ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.
ശ്രീ കൂടൽമാണിക്യം തിരുവുൽസവ വേദിയിലും കാറ്റും മഴയും നാശം വിതച്ചു . കാറ്റിൽ ക്ഷേത്രത്തിനകത്തെ സംഗമം വേദിയുടെ മുന്നിലെ പന്തൽ തകർന്നു. പന്തൽ തകർന്ന് വീണ് പടിഞ്ഞാറെ ഊട്ടുപ്പുരയ്ക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഊട്ടുപ്പുരയുടെ ഓടുകളും പറന്ന് പോയിട്ടുണ്ട് . ആർക്കും പരിക്കില്ല. വൈദ്യുതി സംവിധാനങ്ങൾക്കും കേട് പാടുകൾ നേരിട്ടിട്ടുണ്ട് . രാത്രിയുള്ള കഥകളി അവതരണത്തിന് വേണ്ടിയുള്ള കോപ്പുകളും നനഞ്ഞിട്ടുണ്ട്.ഇതേ തുടർന്ന് പന്തലിലെ വൈകീട്ടുള്ള കലാപരിപാടികൾ മാറ്റി വച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. അതേ സമയം വിളക്ക് എഴുന്നള്ളിപ്പ് യാതൊരു മാറ്റങ്ങളും കൂടാതെ നടത്തുമെന്ന് ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്. മഹാത്മാ ലൈബ്രറി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരം വീണ് ഭാഗിക നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് .
വൈദ്യുതി സ്തംഭനത്തെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം , മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തിൽ തടസ്സം നേരിട്ടതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു .















