കൂടൽമാണിക്യം തിരുവുത്സവം; എഴുന്നള്ളിപ്പിന് എത്തിച്ച ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുൽസവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ആലപ്പുഴ ജില്ലയിൽ ഉള്ള വാഴ് വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി വിളക്ക് എഴുന്നെള്ളിപ്പിനിടെ ആന മൂന്നാം പാപ്പാനെ തള്ളിയാടാൻ ശ്രമിച്ചിരുന്നു. തുടർന്ന് അധികൃതരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിലാക്കൽ പറമ്പിൽ പ്രത്യേക ഷെഡ്ഡിൽ ആനയെ തളച്ചിരിക്കുകയായിരുന്നു . ഉച്ചയ്ക്ക് ആന അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പാപ്പാൻമാരെ അക്രമിക്കുകയായിരുന്നുവെന്ന് ദേവസ്വം അധികൃതർ പറഞ്ഞു . ചവിട്ടേറ്റ രണ്ടാം പാപ്പാൻ കൊല്ലം സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത് . ഒന്നാം പാപ്പാൻ അമലിന് പരിക്കേറ്റിട്ടുണ്ട്. ഷെഡ്ഡിൻ്റെ ഷീറ്റ് ആന തകർത്തിട്ടുണ്ട്. ആനയെ ശാന്തനാക്കാനുള്ള ശ്രമങ്ങൾ ഒന്നാം പാപ്പാൻ അമലിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്. വർഷങ്ങളായി തൃശ്ശൂർ പൂരത്തിന് വാഴ് വാടി കാശിനാഥനെ എഴുന്നള്ളിച്ചിരുന്നതായും കൂടൽമാണിക്യത്തിൽ ആനകളുടെ കുറവ് നേരിട്ടതിനാൽ രണ്ട് ദിവസത്തേക്ക് മാത്രമായിട്ടാണ് കൊണ്ട് വന്നതെന്നും അധിക്യതർ പറയുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെ ആനയെ തിരിച്ച് കൊണ്ട് പോകാൻ തീരുമാനിച്ചിരുന്നതായും പറയുന്നു. വിവരമറിഞ്ഞ് പോലീസ് , ഫോറസ്റ്റ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുട്ടംകുളം റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.















