ശ്രീകൂടൽമാണിക്യം തിരുവുൽസവം ആരംഭിച്ചിട്ടും ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ്
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവദിനങ്ങളിൽ പട്ടണത്തിലെ പ്രധാന വീഥികളിലൂടെയുള്ള ഗതാഗത കുരുക്ക് പരിഹരിക്കാൻ സഹായമാകുന്ന ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം. ബൈപ്പാസ് റോഡിലെ തകർന്ന് തരിപ്പണമായി കിടക്കുന്ന ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കുന്ന നിർമ്മാണ പ്രവ്യത്തി ഏതാനും ദിവസങ്ങൾ മുമ്പാണ് ആരംഭിച്ചത്. നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവിൽ 161 മീറ്റർ ദൂരമാണ് ടൈൽ വിരിച്ച് നവീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബൈപ്പാസ് റോഡിലെ ഗതാഗതവും ഭാഗികമായി നിരോധിച്ചിരിക്കുകയുമാണ്. വേണ്ടത്ര ആസൂത്രണമില്ലാതെ ആരംഭിച്ച നിർമ്മാണ പ്രവൃത്തിയെ തുടർന്ന് കൂടൽമാണിക്യം ഉൽസവം ആരംഭിച്ചിട്ടും ബൈപ്പാസ് റോഡ് അടച്ച് പൂട്ടിയ നിലയിലാണെന്ന് സ്ഥലം സന്ദർശിച്ച എൽഡിഎഫ് സംഘം വിമർശിച്ചു. ബൈപ്പാസ് റോഡ് പൂർണമായും നവീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനോ റോഡ് ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്താനോ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ നഗരസഭ പരിധിയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്നാണ് ചെയർമാൻ പ്രഖ്യാപിച്ചിരുന്നതെന്നും എൽഡിഎഫ് സംഘം ചൂണ്ടിക്കാട്ടി. നിർമ്മാണം പൂർത്തീകരിച്ച് റോഡ് തുറന്ന് കൊടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, എൽഡിഎഫ് കൗൺസിലർമാരായ പി വി ശിവകുമാർ, സി സി ഷിബിൻ, രമ്യ ഷിബു, വി എസ് അശ്വതി, വിമി ബിജേഷ് , സിന്ധു ഗിരീഷ്കുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.















