അഞ്ചരക്കണ്ടിയിലെ വിദ്യാർഥിയുടെ ആത്മഹത്യ; ദളിത് സംഘടനകളുടെ ഹർത്താലിനെ ചൊല്ലി സംഘർഷം; സ്വകാര്യ ബസ്സുകൾ തടഞ്ഞ് ഹർത്താൽ അനുകൂലികൾ; വണ്ടികൾ തടയാൻ അനുവദിക്കില്ലെന്ന നിലപാടിൽ പോലീസ്
ഇരിങ്ങാലക്കുട : കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ ചൊല്ലി പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷം. രാവിലെ ആരംഭിച്ച ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കെപിഎംഎസിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻ്റിൽ സർവീസ് നടത്തുന്ന ബസ്സുകൾ തടയാൻ ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വണ്ടികൾ തടയാൻ കഴിയില്ലെന്നും തടഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതേ തുടർന്ന് സർവീസ് നിറുത്തി വച്ചിരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ സർവീസുകൾ പുനരാരംഭിച്ചു. തങ്ങൾ വണ്ടികൾ തടയുന്നില്ലെന്നും ഹർത്താലിനോട് ” സഹകരിക്കാൻ ” മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സമരക്കാർ വാദിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല . തൃശ്ശൂർ, കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് പോലീസിൻ്റെ പിന്തുണയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ത്യപ്രയാർ , ചാലക്കുടി തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്നവർ വണ്ടികൾ മാറ്റിയിട്ടിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും വണ്ടികൾ തടയില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ എത്തിയ യാത്രക്കാർ സമരത്തെ തുടർന്ന് ബുദ്ധിമുട്ടിലായി. തുറന്നിരിക്കുന്ന വ്യാപാരികളോടും സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഹർത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.















