നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ; കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലെന്നും കോൺഗ്രസ് എംഎൽഎ യുടെ അഭാവം മൂലം മണ്ഡലത്തിൽ പാർട്ടി ശോഷിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭ സീറ്റ് കോൺഗ്രസ്സ് എറ്റെടുക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലാണെന്നും കോൺഗ്രസ്സ് ഓഫീസിൽ ഒരു കോൺഗ്രസ്സ് എംഎൽഎ വന്നിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പറയുന്നതെന്നും ആരോടും വ്യക്തിപരമായ വൈരാഗ്യം ഇല്ലെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് , ഡിസിസി സെക്രട്ടറി ടി വി ചാർലി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ദീർഘകാലമായി ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന് അവസരമില്ലാത്ത സാഹചര്യമാണ് ഉള്ളത്. കോൺഗ്രസ് ശോഷിച്ച് പോകുന്ന അവസ്ഥയും ഇത് മൂലം സംഭവിക്കുന്നുണ്ട്. കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡൻ്റ്, എഐസിസി, സംസ്ഥാന നിരീക്ഷകർ എന്നിവരുടെ മുമ്പിൽ ഒക്കെ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. ” നോക്കാം ” എന്ന മറുപടിയല്ലാതെ ഒന്നും നേതാക്കളിൽ നിന്നും ലഭിക്കുന്നില്ല. 1987 ലാണ് കോൺഗ്രസ് അവസാനമായി ഇരിങ്ങാലക്കുട സീറ്റിൽ മൽസരിച്ചത്. വെള്ളം കോരാനും വോട്ട് ചേർക്കാനും മാത്രം കോൺഗ്രസ് പ്രവർത്തകരെ ആവശ്യമുണ്ട്. എന്നാൽ തങ്ങളുടെ അപേക്ഷ അംഗീകരിക്കാൻ ആരുമില്ലെന്ന് സങ്കടം തുളുമ്പുന്ന വാക്കുകളിൽ കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. തങ്ങളെ വിളിച്ച് ഒന്ന് സംസാരിക്കാൻ പോലും നേതാക്കൾ തയ്യാറാകുന്നില്ല.നിവൃത്തികേട് കൊണ്ടാണ് ഇപ്പോൾ പറയേണ്ടി വന്നതെന്നും ഇവർ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ പാർലമെൻ്ററി പാർട്ടി സെക്രട്ടറി അഡ്വ വി സി വർഗ്ഗീസ്, ട്രഷറർ ജോസഫ് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ എന്നിവരും രാജീവ് ഗാന്ധി മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.















