എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു; കാട്ടൂരിലെ മാലിന്യ പ്രശ്നത്തിൽ മാർച്ച് മാസത്തിൽ ഫൊറൻസിക് പരിശോധനയെന്ന് പഞ്ചായത്ത് അധികൃതർ
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജനുവരി 17 ന് ജില്ലാതല സമിതി യോഗം അംഗീകരിച്ച കരട് ലിസ്റ്റാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ അറുപത് ദിവസത്തെ അപ്പീൽ സമയം നൽകിയിട്ടുണ്ടെന്നും മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശങ്ങളിലെ കുടിവെള്ള മാലിന്യ വിഷയം പഞ്ചായത്ത് മുൻകൈ എടുത്ത് പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. മാർച്ച് – എപ്രിൽ മാസങ്ങളിൽ കിണറുകളിലെ വെള്ളവും പരിസരങ്ങളിലെ മണ്ണും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എസ്റ്റേറ്റിലെ ആരോപണം നേരിടുന്ന കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ള കണക്ഷനല്ല വേണ്ടതെന്നും മാലിന്യ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ സമരസമിതി നേതാവ് മോളി പിയൂസ് വ്യക്തമാക്കിയിരുന്നതായി കാട്ടൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് അനീഷ് വ്യക്തമാക്കി.
കാറളം പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ആരംഭിച്ച ഫ്ലാറ്റ് നിർമ്മാണ പദ്ധതി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിൽ യോഗം ചേരാൻ നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു.
ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം റവന്യൂ ഭൂമിയാണെന്നും ഇവിടെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും തഹസിൽദാർ യോഗത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിലെ പോലീസ് എയ്ഡ് പോസ്റ്റിൽ പരാതി പെട്ടി സ്ഥാപിക്കുന്നത് സംബന്ധിച്ച് പോലീസ് വകുപ്പിൽ അറിയിച്ചിട്ടുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് മനു, എം പി , എം എൽ എ എന്നിവരുടെ പ്രതിനിധികളായ ക്യപേഷ് ചെമ്മണ്ട, എ ചന്ദ്രൻ , എ വി ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആൻ്റോ പെരുമ്പിള്ളി , കാർത്തികേയൻ, സി യു പ്രിയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ പി രമേശ് സ്വാഗതം പറഞ്ഞു.















